അഹമ്മദാബാദ് : മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് തടവ് ശിക്ഷ. അദാനി ഗ്രൂപ്പിനെതിരായി തെറ്റായതും അപകീര്‍ത്തികരമായതുമായ പ്രസ്താവനകള്‍ നടത്തിയതിനാണ് ഒരു വര്‍ഷം തടവും പിഴയും ശിക്ഷ.
അദാനി ഗ്രൂപ്പ് നല്‍കിയ മാനനഷ്ട കേസില്‍ ഗുജറാത്ത് ഗാന്ധിനഗറിലെ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. കമ്പനിയുടെ വിശ്വാസ്യത തകര്‍ക്കാനായി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നാണ് അദാനി ഗ്രൂപ്പ് വാദിച്ചത്.
അപകീര്‍ത്തികരമായ പ്രസ്താവനകള്‍ അടങ്ങിയ ട്വീറ്റുകളുടെ പരമ്പര രവി നായര്‍ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് (AEL) സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് കേസ്.
രവി നായരുടെ പ്രസ്താവന പൊതുജനങ്ങളുടെയും നിക്ഷേപകരുടെയും കണ്ണില്‍ കമ്പനിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു.
അതേസമയം ഇപ്പോള്‍ കേരളത്തിലാണ് ഉളളതെന്നും വിധി പഠിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും രവി നായര്‍ പറഞ്ഞു.
















