കൊച്ചി: ഫെബ്രുവരി 12ന്(വ്യാഴാഴ്ച) പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കില്‍ ബിഎംഎസ് (ഭാരതീയ മസ്ദൂര്‍ സംഘം) പങ്കെടുക്കില്ല.
ബിഎംഎസ് ഉള്ള എല്ലാ സ്ഥാപനങ്ങളിലും സംഘടനയിലെ തൊഴിലാളികള്‍ ജോലിക്കു കയറാന്‍ തയാറാണ്. ആവശ്യമായ സുരക്ഷ ഒരുക്കിയാല്‍ ജോലിക്കു കയറാമെന്ന് അറിയിച്ച് എല്ലാ സ്ഥാപനങ്ങളിലും കത്ത് കൊടുത്തിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. പണിമുടക്കുന്നവര്‍ക്കു അതാകാം. എന്നാല്‍ മറ്റൊരാള്‍ പണി എടുക്കുന്നതു തടയാന്‍ അധികാരമില്ല. സാധാരണ തൊഴില്‍ ചെയ്യാനുള്ള അവസരം മാനേജ്മെന്റ് ഒരുക്കാറുണ്ട്.കപ്പല്‍ശാല, നേവല്‍ ബേസ്, തുറമുഖം, എഫ്എസിടി, ഐആര്‍ഇഎല്‍, ബിപിഎസ് തുടങ്ങി എല്ലായിടത്തും കത്ത് നല്‍കി. എറണാകുളത്ത് ബിഎംഎസില്‍ ഒന്നര ലക്ഷത്തിനടുത്ത് അംഗങ്ങള്‍ ഉണ്ട്. അവരെല്ലാം ജോലിക്കു കയറും. തൊഴിലാളികള്‍ ഈ സമരം തള്ളിക്കളയും. അഖിലേന്ത്യ പണിമുടക്ക് എന്ന് പേരേ ഉളളൂ.കേരളത്തില്‍ മാത്രമേ ഇതു നടക്കുകയുള്ളൂവെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി ധനേഷും ജില്ലാ ജോ. സെക്രട്ടറി ഷിബുവും പറഞ്ഞു.
കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്, ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സി ഐ ടി യു, ഐ എന്‍ ടി യു സി നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, സ്‌കൂള്‍, കോളേജ്, പൊതു ഗതാഗതം, കട കമ്പോളങ്ങള്‍ എന്നിവയൊക്കെ വ്യാഴാഴ്ച അടഞ്ഞു കിടക്കും. അധ്യാപക-അനധ്യാപക സംഘടനകളും വിദ്യാര്‍ഥി സംഘടനകളും പണിമുടക്കും.അതിനാല്‍ വ്യാഴാഴ്ച കേരളത്തിലെ നിരത്തുകള്‍ ഒഴിഞ്ഞു കിടക്കും. മൂന്നു പ്രമുഖ ബാങ്കിംഗ് തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ബാങ്കുകളും അടഞ്ഞു കിടക്കും. ആശുപത്രി, പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുകയെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.
ലേബര്‍ കോഡ് പിന്‍വലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, സ്ഥിരം തൊഴില്‍ ഉറപ്പാക്കുക എന്നിങ്ങനെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 24 മണിക്കൂര്‍ പണിമുടക്ക്.ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
















