അസം മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും സംസ്ഥാനത്തുടനീളം ഏകദേശം 12,000 ബിഗാ ഭൂമി കൈവശപ്പെടുത്തിയെന്ന ഗൗരവ് ഗൊഗോയിയുടെ ആരോപണത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ഹിമന്ത ബിശ്വ ശർമ്മ. കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയിക്കെതിരെ 500 കോടി രൂപയുടെ മാനനഷ്ടക്കേസ് ആണ് ഹിമന്ത ഫയൽ ചെയ്തിരിക്കുന്നത്.മുതിർന്ന കോൺഗ്രസ് നേതാക്കളായ ജിതേന്ദ്ര സിംഗ്, ഭൂപേഷ് ബാഗേൽ എന്നിവർക്കെതിരെയും കേസ് നൽകിയിട്ടുണ്ട്.
ഗൊഗോയിയുടെയും കോൺഗ്രസ് നേതാക്കളുടെയും പ്രസ്താവന വ്യാജവും ദുരുദ്ദേശപരവും ആണെന്ന് ഹിമന്ത വ്യക്തമാക്കി. ‘ഹിറ്റ് ആൻഡ് റൺ രാഷ്‌ട്രീയത്തിന്റെ യുഗം അവസാനിച്ചു. അവർക്ക് ഒരു ഔൺസ് ധൈര്യമോ തെളിവോ ഉണ്ടെങ്കിൽ, എല്ലാ ആരോപണങ്ങളും കോടതിയിൽ തെളിയിക്കട്ടെ,” എന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ അസം മുഖ്യമന്ത്രി വ്യക്തമാക്കി.
















