ന്യൂദല്‍ഹി: രാജ്യത്തെ അതിവേഗ റെയിൽ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഏഴ് പുതിയ ഹൈസ്പീഡ് റെയിൽ കോറിഡോറുകൾക്കായി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ റെയിൽവേ ബോർഡ് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് നിർദ്ദേശം നൽകി. 2026-27 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് വേഗത കൂട്ടാനാണ് റെയിൽവേ ബോർഡിന്റെ ഈ നിർണായക നീക്കം.
മുംബൈ-പുണെ, പുണെ-ഹൈദരാബാദ്, ഹൈദരാബാദ്-ബംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബംഗളൂരു, ഡൽഹി-വാരണാസി, വാരണാസി-സിലിഗുരി എന്നിവയാണ് പുതുതായി പ്രഖ്യാപിക്കപ്പെട്ട ഏഴ് പാതകൾ. ഏകദേശം 4,000 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഈ പാതകൾക്ക് 16 ലക്ഷം കോടി രൂപ ചെലവ് വരുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നത്.
എല്ലാ പാതകളിലും അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ബോർഡ് നിർദേശിച്ചിട്ടുണ്ട്. അതിവേഗ റെയിൽ പദ്ധതികൾക്കായി സാങ്കേതിക തികവുള്ള ഉദ്യോഗസ്ഥരുടെ ഒരു വലിയ നിരയെ തന്നെ സജ്ജമാക്കും. ഇതിനായി ഓരോ പ്രോജക്റ്റിനും പ്രത്യേക ഫീൽഡ് ടീമുകളെ നിയോഗിക്കും. നേരത്തെ പഠനം പൂർത്തിയാക്കിയ പാതകളുടെ റിപ്പോർട്ടുകൾ നിലവിലെ സാമ്പത്തിക സാഹചര്യത്തിനനുസരിച്ച് പുതുക്കി നിശ്ചയിക്കും.
ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് പാതയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിൽ സൂറത്തിനും ബില്ലിമോറയ്‌ക്കും ഇടയിലുള്ള ആദ്യ ഘട്ടം 2027 ഓഗസ്റ്റ് 15-ഓടെ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2029-ഓടെ ഈ പാത പൂർണ്ണമായും തുറന്നു കൊടുക്കും. ആദ്യ പദ്ധതിയുടെ ചെലവ് 1.08 ലക്ഷം കോടിയിൽ നിന്ന് 1.98 ലക്ഷം കോടിയായി വർദ്ധിച്ചിട്ടുണ്ട്.
പുതിയ പാതകൾ യാഥാർത്ഥ്യമാകുന്നതോടെ ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും പ്രധാന നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയുകയും രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാവുകയും ചെയ്യും.











