കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ വാസുവും പുറത്തേയ്‌ക്ക്. വാസുവിന്റെ ജാമ്യ ഹര്‍ജിയിൽ നാളെ കൊല്ലം വിജിലന്‍സ് കോടതി വിധി പറയും. റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായെന്ന് കാട്ടിയാണ് വാസു ജാമ്യ ഹർജി സമർപ്പിച്ചത്. ശബരിമല കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു.
ഇന്ന് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാദം കോടതിയിൽ വാദിച്ചു. തുടര്‍ന്ന് ഇക്കാര്യത്തിൽ വിവേചനം കാണിക്കാൻ പറ്റില്ലെന്നും നാളെ ജാമ്യഹര്‍ജിയിൽ വിധി പറയുമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ നവംബർ 11നാണ് വാസുവിനെ എസ് ഐ ടി അറസ്റ്റ് ചെയ്തത്. റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായതോടെ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് കാണിച്ചാണ് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
ഹർജിയിൽ ഇന്ന് വാദം കേട്ട കോടതി ഹർജിയിൽ ജാമ്യം അനുവദിച്ച് നൽകാനാണ് സാധ്യത. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെയുള്ളവർക്ക് ജാമ്യം ലഭിച്ചിരുന്നു. തിരുവാഭരണ മുൻ കമ്മീഷണർ കെ. എസ് ബൈജുവിനും വരും ദിവസങ്ങളിൽ ജാമ്യം ലഭിക്കും. കേസിൽ ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാത്ത എസ് ഐ ടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
അതേസമയം തന്ത്രി സമർപ്പിച്ച ജാമ്യ ഹർജികളിൽ ഇന്നും വാദം തുടരും. പ്രതിഭാഗം വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളിൽ തന്ത്രിക്ക് ഇടപെടാൻ കഴിയില്ലെന്നും ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ഇടപെടാൻ കഴിയുന്നതെന്നും പ്രതിഭാഗം വ്യക്തമാക്കി. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രിയുമായി ബന്ധമുണ്ടെന്നാണ് എസ് ഐ ടി റിപ്പോർട്ട്.
കേസിൽ ദേവസ്വം മുൻ പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്.














