കൊച്ചി: ഐഎസ്ആര്‍ഒ റിട്ട. ഉദ്യോഗസ്ഥനായ പൂണിത്തുറ അമൃതഗിരി വീട്ടില്‍ പി. അയ്യപ്പന്‍ (75) ഇനി മറ്റുള്ളവരിലൂടെ ജീവിക്കും. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തൃപ്പൂണിത്തുറയില്‍ വച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് അയ്യപ്പന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
വലതു കൈ രാജ്യത്ത് ആദ്യ കൈമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ സര്‍ജന്‍ ഡോ. സുബ്രഹ്‌മണ്യ അയ്യരുടെ നേതൃത്വത്തിലാണ് അമൃത ആശുപത്രിയില്‍ തന്നെ ചികിത്സയിലുള്ള പത്തനംതിട്ട ജില്ലയിലെ പെരുനാട് സ്വദേശി 47 കാരനായ കിഷോറിനു നല്‍കിയത്. അമൃതയില്‍ തന്നെ ചികിത്സയിലുള്ള പത്തനംതിട്ട കുമ്പഴ വെട്ടൂര്‍ സ്വദേശിയായ 58 കാരന് കരള്‍ മാറ്റിവെക്കല്‍ നടത്തി. കണ്ണുകള്‍ നേത്ര ബാങ്കിലേക്ക് ദാനം ചെയ്തു. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് സ്വാമി ജയദാമൃത ചൈതന്യ, സ്വാമി സംസിദ്ധാമൃത ചൈതന്യ എന്നിവര്‍ നേതൃത്വം നല്‍കി. അമൃത ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് മൃതദേഹം വച്ചപ്പോള്‍ ഡോക്ടര്‍മാരും ജീവനക്കാരുമടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
അമൃത ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ജീവനക്കാരിയായ മകള്‍ ധന്യയും മകന്‍ ധനേഷും കടുത്ത ദുഃഖത്തിനിടയിലും അവയവദാനം എന്ന മഹത്തായ തീരുമാനത്തിന് മുന്നോട്ടുവരികയായിരുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ കെസോട്ടോ വഴിയാണ് അവയവദാന നടപടികള്‍ പൂര്‍ത്തിയാക്കിയത്. അച്ഛന്‍ വഴി ഒരുപാട് ആളുകള്‍ക്ക് ജീവിതം തിരികെ ലഭിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും അവയവദാനത്തിന്റെ പ്രസക്തി തങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും അച്ഛന് നല്‍കാവുന്ന ഏറ്റവും വലിയ ആദരമാണ് ഇതെന്നും മക്കള്‍ പ്രതികരിച്ചു. പരേതയായ ലതയാണ് അയ്യപ്പന്റെ ഭാര്യ.















