കോഴിക്കോട്: ആർജെഡിയുടെ സംസ്ഥാന നേതൃയോഗത്തിന് പിന്നാലെ രാജിസന്നദ്ധത അറിയിച്ച് എം.വി ശ്രേയാംസ് കുമാർ. മുന്നണിമാറ്റത്തെ കെ. പി മോഹനൻ ഉൾപ്പടെയുള്ളവർ എതിർത്തു. ആർജെഡിക്ക് ഇടതുമുന്നണിയിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന വിമർശനം സംസ്ഥാന സമിതി യോഗത്തിൽ ഉയർന്നു. നേരത്തേ സംസ്ഥാന സെക്രട്ടേറിയറ്റിലും ഈ വിമർശനം ഉയർന്നിരുന്നു.
തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിൽ അഞ്ചിടത്ത് ആർജെഡി മത്സരിച്ചിരുന്നു. എല്ലായിടത്തും തോൽവിയായിരുന്നു ഫലം. പലയിടത്തും പ്രാദേശിക സിപിഎം നേതാക്കൾ ഞങ്ങളെ തോൽപ്പിക്കാൻ ശ്രമം നടത്തിയെന്ന് നേതാക്കൾ രേഖാമൂലം ഉന്നയിച്ചു. ബോർഡ്, കോർപ്പറേഷനിലും വേണ്ടത്ര പരിഗണനയില്ലെന്നും വിമർശനം ഉയർന്നു.
പീഡനങ്ങൾ സഹിച്ച് ഇടതുമുന്നണിക്കൊപ്പം നിൽക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നു. മുന്നണി വിടുന്നതാണ് നല്ലതെന്നും ഇവർ പറഞ്ഞു. വിമർശനം രൂക്ഷമായി ഉയർന്നതോടെയാണ് നേതൃസ്ഥാനത്ത് നിന്നും മാറാമെന്ന് ശ്രേയംസ് കുമാർ അ റിയിച്ചത്. യോഗത്തിന് ശേഷം നടത്തിയ പ്രത്രസമ്മേളനത്തിൽ എൽഡിഎഫ് വിടുക എന്നത് നിലവിൽ പാർട്ടിയുടെ അജണ്ടയിലില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, താൻ ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്നും പ്രഖ്യാപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിലെ കാലുവാരൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പ്രവർത്തകർ പലയിടത്തും ആർജെഡി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ വോട്ട് മറിച്ചുകുത്തി. എൽഡിഎഫ് നേതാക്കൾ പലയിടത്തും വിമതരെയും സ്വതന്ത്രരെയും പിന്തുണച്ചപ്പോൾ ആർജെഡി കൃത്യമായ മുന്നണി മര്യാദ കാട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല വിഷയവും അമിത ആത്മവിശ്വാസവും തിരിച്ചടിക്ക് കാരണമായിട്ടുണ്ടാകാമെങ്കിലും, പ്രധാന പ്രശ്നം അച്ചടക്കമില്ലായ്‌മയാണെന്ന് ആര്‍ജെഡി ചൂണ്ടിക്കാട്ടി.
















