ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങളുടെ ആക്രമണ ശേഷി വർധിപ്പിക്കുന്നതിനായി ഫ്രാൻസിൽ നിന്ന് സ്‌കാൽപ് ക്രൂസ് മിസൈലുകൾ കൂടി വാങ്ങാനുള്ള നീക്കത്തിലാണ് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പ്രതിരോധ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 320 കോടി രൂപ മൂല്യമുള്ള ഇടപാടിനാണ് കളമൊരുങ്ങുന്നതെന്നാണ് സൂചന.ഓപ്പറേഷൻ സിന്ദൂറിനിടെ ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ വ്യോമസേന സ്‌കാൽപ് മിസൈലുകൾ ഉപയോഗിച്ചിരുന്നു.
റഫാൽ വിമാനങ്ങളിൽ നിന്ന് ബ്രഹ്മോസ് മിസൈലുകളോടൊപ്പം വിക്ഷേപിച്ച സ്‌കാൽപ് മിസൈലുകൾ അത്യന്തം കൃത്യതയോടെ ലക്ഷ്യസ്ഥാനങ്ങൾ തകർത്തതായി റിപ്പോർട്ടുകളുണ്ട്. 250 മുതൽ 500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള സ്‌കാൽപ് മിസൈലുകൾക്ക് 450 കിലോഗ്രാം വരെ ഭാരമുള്ള സ്ഫോടക വസ്തുക്കൾ വഹിക്കാൻ കഴിയും. റഡാർ നിരീക്ഷണം ഒഴിവാക്കി ലക്ഷ്യം കൈവരിക്കാനുള്ള സാങ്കേതിക കഴിവാണ് ഈ മിസൈലുകളുടെ പ്രധാന സവിശേഷത.
പാക്കിസ്ഥാൻ വ്യോമസേനയുടെ 12 പ്രധാന വ്യോമതാവളങ്ങളിലേക്കുള്ള ആക്രമണത്തിലും ശത്രു യുദ്ധവിമാനങ്ങൾ തകർത്തതിലും ഈ മിസൈലുകൾ നിർണായക പങ്കുവഹിച്ചു.ഭാവിയിൽ ഇന്ത്യൻ നാവികസേനയിൽ ഉൾപ്പെടുന്ന 26 റഫാൽ മറൈൻ യുദ്ധവിമാനങ്ങളിലും സ്‌കാൽപ് മിസൈലുകൾ ഘടിപ്പിക്കാനാണ് പദ്ധതി. ഇതിന് പുറമെ, 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള നടപടികൾ പ്രതിരോധ മന്ത്രാലയം അന്തിമഘട്ടത്തിലാണെന്നും മീറ്റിയോർ എയർ-ടു-എയർ മിസൈലുകൾ സ്വന്തമാക്കാനുള്ള നീക്കങ്ങളും ഇതിനൊപ്പം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അടുത്ത 15 വർഷത്തിനുള്ളിൽ റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ സേനയുടെ പ്രധാന ശക്തിയായി മാറുമെന്നാണ് പ്രതീക്ഷ. നാവികസേനയുടെ റഫാൽ വിമാനങ്ങളും സേവനത്തിൽ എത്തുന്നതോടെ ഫ്രാൻസിന് ശേഷം ഏറ്റവും കൂടുതൽ റഫാൽ യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാകും.
















