ചെന്നൈ: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തിരക്കേറിയ 30 റെയില്‍വേ സ്റ്റേഷനുകളില്‍ ഡിജിറ്റല്‍ ലഗേജ് ലോക്കര്‍ സംവിധാനം കൊണ്ടുവരാന്‍ തീരുമാനം. യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കേരളത്തില്‍ കോഴിക്കോട്, തൃശൂര്‍ റെയില്‍വേ സ്റ്റേഷനുകളിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്.
കൂടാതെ മധുര, കോയമ്പത്തൂര്‍, വില്ലുപുരം, രാമേശ്വരം, ബെംഗളൂരു, കട്പാഡി, തിരുച്ചിറപ്പള്ളി നാഗപ്പട്ടണം, മംഗളൂരു, തിരുവണ്ണാമല, ട്രിച്ചി, ചെന്നൈ സെന്‍ട്രല്‍ തുടങ്ങിയ സ്റ്റേഷനുകളിലും ലോക്കര്‍ സ്ഥാപിക്കുന്നുണ്ട്.
യാത്രക്കാര്‍ക്ക് സ്വയംപ്രവര്‍ത്തിപ്പിക്കാവുന്ന ലോക്കറുകളാണിവ. ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണില്‍ വരുന്ന ഒടിപി ഉപയോഗിച്ചാണ് ഈ ലോക്കര്‍ തുറക്കുന്നത്. ആറ് മണിക്കൂറിന് 60 രൂപയാണ് നിരക്ക്. 10 ബാഗുകള്‍വരെ ഉള്‍ക്കൊള്ളാവുന്ന ലോക്കറിന് 24 മണിക്കൂറിന് 300 രൂപ നല്‍കണം.
വിവിധ നഗരങ്ങളിലേക്ക് യാത്രചെയ്യുന്ന വിനോദസഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും വ്യവസായികള്‍ക്കുമാണ് ഇത് കൂടുതല്‍ സഹായകമാകുന്നതെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ പറഞ്ഞു.
















