മോസ്കോ: റഷ്യയിലെ ഉഫയിലുള്ള മെഡിക്കൽ സർവകലാശാലയിൽ നടന്ന കത്തി ആക്രമണത്തിൽ 4 ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്. ഉഫയിലെ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുടെ ഹോസ്റ്റലിലാണ് സംഭവം. ഇവിടത്തെ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദേശ വിദ്യാർത്ഥികളുടെ ഹോസ്റ്റലിലെ സ്‌പോർട്‌സ് ഹാളിലായിരുന്നു ആക്രമണം. ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ കൗമാരക്കാരൻ കത്തിയുമായി ആക്രമിക്കുകയായിരുന്നു. രണ്ട് പോലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്.
രണ്ട് പേരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും അതിലൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികൾ നിരോധിത നവ-നാസി സംഘടനയിൽ പെട്ടയാളാണെന്ന് റഷ്യൻ മാധ്യമം ബസ ചാനൽ റിപ്പോർട്ട് ചെയ്തു. ബാഷ്കോർട്ടോസ്ഥാൻ റിപ്പബ്ലിക്, പ്രത്യേകിച്ച് തലസ്ഥാനമായ ഉഫ, മെഡിക്കൽ, എഞ്ചിനീയറിംഗ് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രിയപ്പെട്ട സ്ഥലമാണ്. ഈ സംഭവം മേഖലയിലെ അന്താരാഷ്‌ട്ര വിദ്യാർഥി സമൂഹങ്ങൾക്കിടയിൽ ആശങ്ക ഉളവാക്കിയയിട്ടുണ്ട്.
സംഭവത്തിൽ ഇന്ത്യൻ എംബസിയും പ്രതികരിച്ചു. സംഭവം വിശദമായി നിരീക്ഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നുവെന്നും ഇന്ത്യൻ എംബസി പറഞ്ഞു. ഇന്ത്യൻ കൗൺസുലേറ്റിലെ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് തിരിച്ചതായും പരുക്കേറ്റ വിദ്യാർത്ഥികൾക്ക് വേണ്ട സഹായങ്ങൾ ഒരുക്കിയതായും എംബസി വ്യക്തമാക്കി.
















