ചെറുതോണി മെല്ലെ തുഴഞ്ഞു പോകാം
കടലിന്നുമക്കരെക്കൊന്നുപോകാം
വെള്ളാരങ്കല്ലുകള്‍ കുന്നുപോലുള്ളൊരാ
നാട്ടകം തേടിയലഞ്ഞു പോകാം
നുരയണിഞ്ഞാര്‍ക്കുന്ന തിരയും തെറിപ്പിച്ചു
വെള്ളാരങ്കുന്നിലേക്കൊന്നുപോകാം
കടലമ്മ ചൊല്ലും കഥ കേട്ടു ഞാനെന്റെ
കിന്നാരവും ചൊല്ലിയൊന്നുപോകാം
പായുന്ന മറ്റൊരു തോണിയില്‍ പിടയുന്നു
സ്വപ്‌നങ്ങള്‍ മൃതിയായ മിഴികളോടെ
കടലമ്മ പോറ്റിവളര്‍ത്തിയോരെത്രപേര്‍
നാളത്തെയന്നത്തിനമൃതേകുവാന്‍
കാഴ്ചകളനവധിയില്ലാത്തൊരാഴിയില്‍
കാറ്റേറ്റു മെല്ലെത്തുഴഞ്ഞു പോകാം
കടലിന്നുമപ്പുറം കാഴ്ചയൊരുക്കുന്ന
വെള്ളാരങ്കുന്നിലേക്കൊന്നു പോകാം.
പുറ്റുകള്‍ പവിഴങ്ങള്‍ പൂത്തുലഞ്ഞാടുമീ-
യാഴിതന്നാഴത്തില്‍ നീന്തിടുന്ന
കന്യകമാരൊത്തു ചേര്‍ന്നു പോകാം
വെള്ളാരങ്കുന്നിലേക്കൊന്നു പോകാം.
തിരകള്‍ക്കുമപ്പുറമാഴിക്കുമപ്പുറം
കാണുന്നു വെള്ളാരങ്കുന്നുമുന്നില്‍
വെള്ളാരങ്കല്ലുകള്‍ കൂട്ടിയിണക്കിയ
വെള്ളാരങ്കുന്നു വിളങ്ങിടുന്നു.
വെള്ളാരങ്കുന്നിന്നു തോരണം ചാര്‍ത്തുന്നു
വര്‍ണ്ണച്ചിറകുള്ളൊരോമനത്തുമ്പികള്‍.
കവിളത്തു ചേര്‍ത്തോരാ വെള്ളാരങ്കല്ലിന്റെ
കുളിരെന്‍മിഴികളെ തഴുകിയടയ്‌ക്കുന്നു.
അടയുന്ന മിഴികളെ മെല്ലെത്തുറന്നു ഞാന്‍
കാണുന്നു ചുറ്റിലുമന്ധകാരം.
വെള്ളാരംകല്ലില്ല തുമ്പിയില്ല
കഥയില്ല കടലമ്മ കൂട്ടിനില്ല
കൂട്ടിന്നു വന്നൊരാ കന്യകമാരവര്‍
കൂട്ടുവിട്ടെങ്ങോ മറഞ്ഞുപോയി
കാഴ്ചകളൊക്കെയും പൊയ്‌ക്കിനാവെങ്കിലും
പോകണം വെള്ളാരങ്കല്ലുതേടി
















