കൊല്ലം: ചുരിദാര്‍ ധരിച്ചതിന് പ്രധാനാധ്യാപികയെ ഗേറ്റില്‍ തടഞ്ഞ കേസില്‍ സ്‌കൂള്‍ മാനേജര്‍ സുരേഷ് കുമാറിനെ പൊലീസ് പ്രതി ചേര്‍ത്തു. പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ വിശദീകരണം ചോദിച്ച് ഡിഡിഇ മാനേജര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വനിതാ ശിശുക്ഷേമ വകുപ്പും റിപ്പോര്‍ട്ടു തേടി.
സ്‌കൂള്‍ മാനേജരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്‌ച്ചയുണ്ടായതായി ഡിഇഒയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്നലെ കൊല്ലം ഡിഡിഇക്ക് കൈമാറിയിരുന്നു. കെഇആര്‍ ലംഘനമാണ് നടന്നതെന്നും വസ്ത്രത്തിന്റെ പേരില്‍ പ്രധാനാധ്യാപികയെ തടഞ്ഞു നിര്‍ത്തിയത് അനുചിതമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും താല്‍ക്കാലിക ജീവനക്കാരനായ സെക്യൂരിറ്റിയെ പുറത്താക്കി പുകമറ സൃഷ്ടിക്കുകയാണെന്നും പ്രധാനാധ്യാപികയായ സിന്ധു എസ് നായര്‍ ആരോപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ നിയമം അനുസരിച്ച് അധ്യാപികമാര്‍ ചുരിദാര്‍ ധരിക്കുന്നതിന് വിലക്കില്ല.
















