ഇസ്ലാമാബാദ് : പാകിസ്ഥാനിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ ചാവേർ ബോംബാക്രമണം. സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 160 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഉയർന്നേക്കാമെന്ന് പോലീസ് പറഞ്ഞു. തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷെഹ്സാദ് ടൗൺ പ്രദേശത്തെ തർലായ് ഇമാംബർഗയിലാണ് സ്ഫോടനം നടന്നത്. പ്രദേശത്തെ ഷിയ വിഭാഗത്തിന്റെ പ്രധാന ആരാധനാലയമാണിത്.
പള്ളിയുടെ പ്രവേശന കവാടത്തിൽ ബോംബറെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ഇയാൾ പൊട്ടിത്തെറിക്കുകയായിരുന്നു . ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എങ്കിലും, അക്രമി വിദേശിയാണെന്നും നിരോധിത തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു.
സ്ഫോടനത്തെത്തുടർന്ന് പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. പരിക്കേറ്റവരെ സമീപത്തുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റി. അടിയന്തര സാഹചര്യം നേരിടാൻ ആശുപത്രികളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പാകിസ്ഥാനിൽ എത്തിയ സമയത്താണ് ആക്രമണം നടന്നത്.
മൂന്ന് മാസത്തിനിടെ ഇസ്ലാമാബാദിൽ നടക്കുന്ന രണ്ടാമത്തെ വലിയ ചാവേർ ആക്രമണമാണിത്. ജില്ലാ സെഷൻസ് കോടതിക്ക് പുറത്ത് നിരോധിത ബലൂച് ലിബറേഷൻ ആർമി നടത്തിയ ആക്രമണത്തിന് രണ്ട് മാസത്തിന് ശേഷമാണ് ഏറ്റവും പുതിയ ആക്രമണം . 12 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
















