ഹരാരെ:സിംബാവെയില്‍ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ടോസ് നേടി ഇംഗ്ലണ്ടിനെതിരെ ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് നേടി. വൈഭവ് സൂര്യവംശിയുടെ (80 പന്തില്‍ 175) ഇന്നിംഗ്സാണ് കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യയെ നയിച്ചത്. ആയുഷ് മാത്രെ (53) റണ്‍സ് നേടി.
ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് മിന്റോ മൂന്ന് വിക്കറ്റ് നേടി. സെബാസ്റ്റ്യന്‍ മോര്‍ഗന്‍, അലക്സ് ഗ്രീന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
ഇന്ത്യക്ക് നാലാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. സെമിയില്‍ അഫ്ഗാനിസ്ഥാനെതിരെ സെഞ്ച്വറി നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജ് 11 പന്തില്‍ ഒമ്പത് റണ്‍സെടുത്ത് അലക്സ് ഗ്രീനിന്റെ പന്തില്‍ ബെന്‍ മയെസിന് ക്യാച്ച് നല്‍കി മടങ്ങി.തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വൈഭവും ആയുഷ് മാത്രെയും തകര്‍ത്തടിച്ചതോടെ എട്ടാം ഓവറില്‍ ഇന്ത്യ 50 കടന്നു. ഇരുവരും 142 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ മാത്രെ അലക്സ് ഗ്രീനിന്റെ പന്തില്‍ മയേസിന് ക്യാച്ച് നല്‍കി മടങ്ങി.
വേദാന്ത് ത്രിവേദിക്കൊപ്പം 89 റണ്‍സ് ചേര്‍ത്ത ശേഷമാണ് വൈഭവ് സൂര്യവംശി ഗ്രീനിന് വിക്കറ്റ് നല്‍കി മടങ്ങിയത്. 15 വീതം സിക്സും ഫോറും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്.വൈഭവിന് ശേഷം വേദാന്ത് (32), വിഹാല്‍ മല്‍ഹോത്ര (30), അഭിഗ്യാന്‍ കുണ്ടു (40) എന്നിവരെല്ലാം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.കനിഷ് ചൗഹാന്‍ 20 പന്തില്‍ പുറത്താവാതെ 37 റണ്‍സ് നേടി. ദീപേഷ് ദേവേന്ദ്രന്‍ (0) പുറത്താവാതെ നിന്നു. ആര്‍എസ് ആംബ്രിഷ് (18), ഖിലന്‍ പട്ടേല്‍ (3), ഹെനില്‍ പട്ടേല്‍ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
















