തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കുന്നത് സ്വാഗതം ചെയ്ത് സര്‍വീസ് സംഘടനകള്‍.ചീഫ് സെക്രട്ടറി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് സര്‍വീസ് സംഘടനകള്‍ നിലപാട് അറിയിച്ചത്. നിലവിലെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് അജണ്ട നിശ്ചയിച്ച് മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കും.
അതേസമയം, പൊതു അവധികളും കാഷ്വല്‍ ലീവുകളും വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ സംഘടനാ പ്രതിനിധികള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചു.
പ്രത്യേക ജോലി സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കാര്യത്തില്‍ പ്രത്യേക തീരുമാനം വേണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. പ്രാഥമിക ചര്‍ച്ചയും അഭിപ്രായ ശേഖരണവുമാണ് നടന്നതെന്നും സര്‍ക്കാര്‍ ആലോചിച്ച ശേഷം അവധി അടക്കമുള്ള കാര്യങ്ങളില്‍ ആവശ്യമെങ്കില്‍ തുടര്‍ ചര്‍ച്ചയാകാമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ശമ്പള പരിഷ്‌കരണ കമ്മീഷനും ഭരണ പരിഷ്‌കരണ കമ്മീഷനും ആഴ്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തി ദിവസങ്ങള്‍ ആക്കണമെന്ന് നിര്‍ദ്ദേശം നേരത്തെ തന്നെ മുന്നോട്ട് വെച്ചിരുന്നു.
10.15 മുതല്‍ 5.15 വരെ എന്നതാണ് നിലവിലെ പ്രവര്‍ത്തന സമയം. രാവിലെ ഇത് 9:30 ആക്കുകയും, വൈകുന്നേരം അഞ്ചര ആക്കുകയും ചെയ്താല്‍ ഒരു മണിക്കൂര്‍ അധികം ലഭിക്കുമെന്നാണ് നിര്‍ദ്ദേശം.
















