പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ സുപ്രധാന രേഖകള്‍ പ്രതികള്‍ മുക്കി. കഴിഞ്ഞ സപ്തംബര്‍ അവസാനമാണ് സ്വര്‍ണക്കൊള്ള സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. നിറംമങ്ങിയ ദ്വാരപാലക പാളികള്‍ സ്‌പെഷല്‍ കമ്മീഷണര്‍ അറിയാതെ സപ്തംബര്‍ ഏഴിന് ശബരിമലയില്‍ നിന്ന് കടത്തിയ സംഭവം ഹൈക്കോടതി പുറത്തുവിട്ടതോടെ ആദ്യം അന്വേഷണം നടത്തിയത് ദേവസ്വം വിജിലന്‍സായിരുന്നു. തുടര്‍ന്ന് കട്ടിളപ്പാളിയിലും ദ്വാരപാലക പാളിയിലും രണ്ട് എഫ്‌ഐആറുകള്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐടി അന്വേഷണം ആരംഭിച്ചു. എന്നാല്‍ രണ്ട് എഫ്‌ഐആറുകളിലും ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്തത് ഒക്ടോബര്‍ 17ന് മാത്രം.
ആറ് ദിവസത്തിന് ശേഷം ഒക്ടോബര്‍ 23ന് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും നവംമ്പര്‍ ഒന്നിന് മുന്‍ എക്‌സി. ഓഫീസര്‍ ഡി. സുധീഷ് കുമാറിനെയും ആറിന് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജുവിനെയും അറസ്റ്റ് ചെയ്തു. മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവിനെ നവംബര്‍ 11നും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ നവംബര്‍ 20നും ആണ് അറസ്റ്റ് ചെയ്തത.് കാലേകൂട്ടി എഫ്‌ഐആര്‍ തയാറാക്കിയിട്ടും അറസ്റ്റുകള്‍ വൈകിയതിനാല്‍ പ്രധാന രേഖകള്‍ എല്ലാം കടത്താന്‍ പ്രതികള്‍ക്ക് സാധിച്ചു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.
പോറ്റിയും ഗോവര്‍ദ്ധനും ഭണ്ഡാരിയും ബെംഗുളൂരുവിലെ ഒരു ഹോട്ടലില്‍ ഈ കാലയളവില്‍ ഒത്തുകൂടിയതായി എസ്‌ഐടി തന്നെ കണ്ടെത്തിയിരുന്നു. രക്ഷപ്പെടാന്‍ പഴുതുണ്ടാക്കി മൊഴികള്‍ ഏകോപിപ്പിക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞതും ഇതുമൂലമാണ്. കേസ് ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് എസ്‌ഐടിയും ഹൈക്കോടതിയും ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും തൊണ്ടി മുതല്‍ കണ്ടെത്താന്‍ ഇനിയും കഴിയാത്തത് എന്തുകൊണ്ടെന്ന സംശയം ബലപ്പെടുന്നു. ശബരിമലയിലെ സ്വര്‍ണം തങ്ങള്‍ മോഷ്ടിച്ചിട്ടില്ല എന്ന് സ്ഥാപിക്കാന്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിക്കും ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധനും ഇപ്പോഴത്തെ സാഹചര്യത്തില്‍ പഴുതുകള്‍ ഏറെയുണ്ടെന്ന് നിയമവിദഗ്ധര്‍ പറയുന്നു. സ്വര്‍ണം പോയ വഴി സംശയലേശമന്യേ കുറ്റപത്രത്തില്‍ വ്യക്തമാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് തലയൂരാന്‍ എളുപ്പം സാധിക്കും.
ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴികെയുള്ളവര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് സ്ഥാപിക്കാന്‍ കഴിയുന്ന യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന. പഴുതുകള്‍ അടച്ചുള്ള കുറ്റപത്രം തയാറാക്കണമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ വേണം. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സ്വര്‍ണം വേര്‍തിരിച്ചു മാറ്റി എന്നത് തുടക്കത്തില്‍ തന്നെ ദേവസ്വം ബോര്‍ഡും പോറ്റിയും പങ്കജ് ഭണ്ഡാരിയും സമ്മതിച്ചതാണ്. ഇത് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. എന്നാല്‍ കൊള്ളയില്‍ അവര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കാന്‍ സ്വര്‍ണം വേര്‍തിരിച്ച ബില്ല് മാത്രം പോരാ എന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഇന്നലെ ജയില്‍മോചിതനായ പോറ്റിക്ക് ഇനി സാക്ഷികളെ സ്വാധീനിക്കുകയോ രേഖകള്‍ ഒളിപ്പിക്കുകയോ വേണ്ടിവരില്ല.
















