ചെന്നൈ: തമിഴ്‌നാട്ടില്‍ ആര്‍എസ്എസ് ശിബിരം നടന്ന സ്‌കൂളിന് നോട്ടീസ് അയച്ച സ്റ്റാലിന്‍ സര്‍ക്കാരിന്റെ നടപടിയില്‍ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍. ആര്‍എസ്എസ് ശിബിരം നടത്തിയെന്ന് ആരോപിച്ച് ഗൂഡല്ലൂര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളിനാണ് നോട്ടീസ് നല്‍കിയത്. ഇതിനെതിരെ സ്‌കൂള്‍ അധികൃതര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഡിസംബര്‍ 24 മുതല്‍ 30 വരെ ക്രിസ്തുമസ് അവധി ദിവസങ്ങളിലാണ് ആര്‍എസ്എസ് ശിബിരം നടന്നത്. വിദ്യാര്‍ത്ഥികള്‍ വീട്ടിലായിരുന്നു. കുട്ടികളുടെ പഠിപ്പ് മുടക്കുകയോ അവര്‍ക്ക് യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്ന് ഈ മാസം 17നകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ കോടതി സ്റ്റാലിന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
















