പത്തംനതിട്ട: ഗുണ്ടാപ്പിരിവ് നൽകാത്തതിന് സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് കാപ്പ കേസ് പ്രതിയായ സുബിൻ അലക്സാണ്ടർ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. ഒളിവിലുള്ള മറ്റ് മൂന്ന് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
പത്തനംതിട്ട തിരുവല്ലയിൽ ഫ്രെബുവരി ഒന്നാം തീയതിയാണ് സംഭവം നടന്നത്. സുബിൻ അലക്സാണ്ടറും സംഘമാണ് യുവതിയെ കൂട്ടബലാംത്സത്തിന് ഇരയാക്കിയത്. സ്പായിൽ കുറച്ചുനാളുകളായി ‘മരണ സുബിൻ’ എന്നറിയപ്പെടുന്ന സുബിൻ അലക്‌സാണ്ടറും സംഘവും നിരന്തരം ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടിരുന്നു. ഗുണ്ടാപ്പിരിവായി 50,000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഇത് നൽകാൻ കഴിയില്ലെന്ന് സ്പാ ഉടമയും ജീവനക്കാരും അറിയിച്ചിരുന്നു. പിന്നാലെയാണ് ഒന്നാം തീയതി സ്ഥാപനത്തിലേക്ക് സുബിനും സംഘവും എത്തുന്നത്.
ജീവനക്കാരിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ മൊബൈൽ ഫോണിൽ ചിത്രീകരിച്ച പ്രതികൾ സ്പായിൽ നിന്നും 25,000 രൂപ ബലംപ്രയോഗിച്ച് തട്ടിയെടുത്ത ശേഷമാണ് മടങ്ങിയത്. കേസിൽ ആറ് പ്രതികളുണ്ട്. സുബിൻ അലക്‌സാണ്ടർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ളയാളുമാണ്.















