തിരുവനന്തപുരം: അടഞ്ഞുകിടന്ന അവിണിശ്ശേരി ഖാദി യൂണിറ്റിലെ ‘സില്‍വര്‍ പ്ലാന്റ്’ (Sliver Plant) വീണ്ടും തുറക്കാന്‍ നല്‍കിയ പലിശ രഹിത വായ്‌പ പൂര്‍ണമായും തിരിച്ചടച്ചെന്നും സംതൃപ്തി തോന്നുന്നുവെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.മകള്‍ ലക്ഷ്മിയുടെ പേരിലുളള ചാരിറ്റബിള്‍ ട്രസ്റ്റ് വഴി ഒരു വര്‍ഷത്തേക്ക് 40 ലക്ഷം രൂപ പലിശരഹിത വായ്‌പയായി നല്‍കിയതാണ് അവിണിശ്ശേരി ഖാദി ഗ്രാമവ്യവസായ അസോസിയേഷന്‍ തിരിച്ചിടച്ചതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സുരേഷ് ഗോപി പറഞ്ഞു.
1800-ലധികം തൊഴിലാളികളുടെ ജീവിതമാര്‍ഗം മുട്ടിപ്പോകരുത് എന്ന ഒരൊറ്റ പ്രാര്‍ത്ഥന മാത്രമായിരുന്നു വായ്‌പ നല്‍കുമ്പോള്‍ മുന്നിലുണ്ടായിരുന്നത്.അത് വിജയമായതില്‍ അഭിമാനമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഇത് വെറുമൊരു സാമ്പത്തിക ഇടപാടല്ല. മറിച്ച്, അവിടുത്തെ ഭരണസമിതിയുടെ കാഴ്ചപ്പാടിന്റെയും ഓരോ ജീവനക്കാരന്റെയും ആത്മാര്‍ത്ഥമായ കഠിനാദ്ധ്വാനത്തിന്റെയും പ്രതിഫലനമാണ്. തളര്‍ന്നുപോയ ഒരു സ്ഥാപനത്തെ സ്വന്തം വിയര്‍പ്പൊഴുക്കി തിരികെ കൊണ്ടുവന്ന ആ തൊഴിലാളികളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ശിരസ് നമിക്കുന്നുവെന്നും കേന്ദ്രസഹമന്ത്രി കുറിച്ചു.
വാക്ക് നല്‍കിയതുപോലെ കൃത്യസമയത്ത് തുക തിരിച്ചടച്ച അഡ്മിനിസ്‌ട്രേഷന്‍ ഭാരവാഹികളെയും ആ സ്ഥാപനത്തെ നെഞ്ചിലേറ്റിയ പ്രിയപ്പെട്ട തൊഴിലാളികളെയും അഭിനന്ദിക്കുന്നു. അവരുടെ ഈ ആത്മാര്‍ത്ഥതയാണ് നാടിന്റെ കരുത്തെന്നും സുരേഷ് ഗോപി പറഞ്ഞു.
















