തിരുവനന്തപുരം: ദീപാവലിക്കാലത്തെ ജിഎസ്ടി പരീക്ഷണം രാജ്യത്തെ സാധാരണക്കാരുടെ സാമ്പത്തിക ശാക്തീകരണം വ്യക്തമാക്കുന്നതായെന്ന് കേന്ദ്ര തൊഴിൽ, ചെറുകിട വ്യവസായ വകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെ വശദീകരിച്ചു. കേന്ദ്രബജറ്റിനെക്കുറിച്ച് സംസ്ഥാന തലസ്ഥാനങ്ങളിൽ കേന്ദ്ര മന്ത്രിമാർ നടത്തുന്ന വിശദീകരണ പരിപടിയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ജിഎസ്ടിയുടെ ഘടനയിൽ കുറവുവരുത്തിക്കൊണ്ട് ദീപാവലി ആഘോഷ സമയമായ നവംബറിൽ കേന്ദ്ര സർക്കാർ നടത്തിയത് സാമ്പത്തിക പരിഷ്‌കരണങ്ങൾ സാധരാണക്കാരുടെ സമ്പദ്‌ശേഷിയെ എങ്ങനെ ബാധിച്ചുവെന്ന് അറിയാനായിരുന്നു. നികുതി 20 – 24 ശതമാനത്തിൽനിന്ന് അഞ്ചുശതമാനമാക്കി. അതോടെ 2024ലെ നവംബറിൽ വർദ്ധിച്ച നികുതിയായിരുന്നിട്ടും സർക്കാരിന് ലഭിച്ച രണ്ടുലക്ഷം കോടി രൂപയുടെ വരുമാനം 2025 നവംബറിൽ നികുതി നാലിലൊന്നായി കുറച്ചിട്ടും ഇരട്ടിച്ച് നാലുലക്ഷമായി. സാധാരണക്കാർ വാങ്ങുന്ന നിത്യോപയോഗ വസ്തുക്കൾ, വസ്ത്രം, ഗൃഹോപകരണങ്ങൾ തുടങ്ങിയവയുടെ വാങ്ങലിലൂടെയാണ് ഈ നികുതിവരവ്. ഇത് സാധാരണജനങ്ങളുടെ വാങ്ങൽ ശേഷിയിൽ ഉണ്ടായ മാറ്റമാണ്, രാജ്യത്തിന്റെ സാമ്പത്തിക നിലയുടെ ശക്തിയാണ് കാണിക്കുന്നത്, മന്ത്രി വിശദീകരിച്ചു.
വിശകലനങ്ങൾ പലതും തെറ്റ്
ബജറ്റ് ഒരു വർഷത്തേക്കാണ് പൊതുവേ. എന്നാൽ ഈ ബജറ്റ് 2047 ലെ വികസിത ഭാരതം എന്ന സങ്കൽപ്പം സാധ്യമാക്കുന്നതിനുള്ള തുടർച്ചയായാണ് കാണേണ്ടത്. വികസിത ഭാരതത്തിന്റെ ഭാഗമാണ് കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും. ആ തരത്തിൽ ബജറ്റിനെ നോക്കിക്കാണണം. അതിനാൽ ബജറ്റിൽ കേരളത്തിനൊന്നുമില്ല എന്നു പറയുന്നത് ശരിയായ വ്യാഖ്യാനമല്ല.
കേന്ദ്രം അവതരിപ്പിച്ച ബജറ്റ് പ്രധാനമായും നാലു മേഖലകളൾക്കുള്ള വിഹിതം നിശ്ചയിക്കലാണ്. അത് ഏതൊക്കെ സംസ്ഥാനത്തിന് അവിടങ്ങളിലെ പദ്ധതികൾക്ക് എത്രയൊക്കെ എന്നെല്ലാം നിശ്ചയിക്കുന്നത് വരും നാളുകളിലാണ്. അതിനുള്ള ചർച്ചകൾ രാജ്യസഭയിലേയും ലോക്‌സഭയിലേയും വിവിധ വകുപ്പുകളുടെ സ്റ്റാൻഡിങ് കമ്മറ്റികളിൽ ഉൾപ്പെട്ട വിവിധ പാർട്ടികളുടെ എംപിമാർ കൂടിയാലോചന നടത്തിയാണ് നിശ്ചയിക്കുന്നത്. അത് മാർച്ച് മാസം അവസാനം പാർലമെന്റിൽ അവതരിപ്പിക്കുമ്പോഴേ കേരളത്തിനെത്രകിട്ടി, ഏതൊക്കെ പദ്ധതികൾ എന്ന് വിശദമായി അറിയാൻ പറ്റൂ. അതറിയാതെ വെറുതേ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നത് കാര്യമറിയാതെയും താൽക്കാലിക രാഷ്‌ട്രീയ നേട്ടത്തിനുള്ളതുമാണ്. ആത്മനിർഭർ ഭാരത് എന്ന സങ്കൽപ്പത്തിലേക്കുള്ള ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്, മന്ത്രി ശോഭ വിശദീകരിച്ചു.
പ്രതിരോധം, കൃഷി, വിദ്യാഭ്യാസം, മത്സ്യബന്ധനം എന്നീ മേഖലകളിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കുക, ഉൽപ്പാദനം അല്ലെങ്കിൽ ഗുണഫലം കൂട്ടുക, അവ ലോകോത്തരമാക്കുക എന്നതാണ് ലക്ഷ്യം. യുവജന വിഭാഗത്തിനെ ലക്ഷ്യമിട്ടുള്ളതാണ് ബജറ്റിലെ തൊഴിൽ-വിദ്യാഭ്യാസ മേഖല, മന്ത്രി പറഞ്ഞു.
ഇടനിലക്കാർ ഇല്ലാതായി
ഇടനിലക്കാരില്ലാതെ നേരിട്ട് ജനങ്ങൾക്ക് സർക്കാർ പദ്ധതികളുടെ നേട്ടം എത്തിക്കാൻ മോദി സർക്കാരിനായി. കഴിഞ്ഞ 10 വർഷംകൊണ്ട് 48.67 ലക്ഷം കോടി രൂപയാണ് അർഹരായ ജനങ്ങളുടെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിച്ചത്. നൂറുരൂപ സർക്കാർ കൊടുക്കുമ്പോൾ 15 രൂപയേ അർഹരിൽ എത്തുന്നുള്ളു എന്നു പറഞ്ഞ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലത്തുനിന്ന് 100 ശതമാനം ജനങ്ങൾക്ക് കിട്ടുന്ന സ്ഥതി വന്നു.
ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എന്നിരിക്കെ കേരളത്തിന് എന്താണ് പ്രശ്‌നമെന്ന് കേന്ദ്രമന്ത്രി ചോദിച്ചു.
രാജ്യത്തിനാകെയും കേരളത്തിന് പ്രത്യേകിച്ചും ഏറെ കിട്ടി. നികുതി കൈമാറ്റത്തിലൂടെ വലിയ നേട്ടമാണ് ഈ വർഷവും കേരളത്തിന് ഉണ്ടായിട്ടുള്ളത്. 10 വർഷം മുമ്പത്തെ കണക്കുകളും ഇപ്പോഴത്തേതുമായി താരതമ്യം ചെയ്യണം. അപ്പോഴേ മനസ്സിലാകൂ.
പതിവ് കരച്ചിൽ
2025- 26 വർഷത്തിലെ ബജറ്റിൽ 27,382 കോടിരൂപയായിരുന്നു കേരളത്തിന്റെ കേന്ദ്ര നികുതിവിഹിതം. ഈ വർഷം അത് 36,355 കോടിയായി. 33 ശതമാനമാണ് വർദ്ധന. തുകക്കണക്കിൽ പറഞ്ഞാൽ 8,973 കോടി രൂപ കൂടുതൽ. പുറത്തുനിന്നുള്ള വായ്‌പയെടുക്കാനുള്ള അനുമതി നൽകി, കേന്ദ്ര വായ്‌പ തുക 21,077 കോടിയാക്കി, മുൻവർഷത്തേക്കാൾ 23 ശതമാനം കൂടുതൽ. കേന്ദ്ര സഹായം മുൻവർഷത്തെ 13,075 കോടിയിൽനിന്ന് ഈ വർഷം 26,500 കോടിയാക്കി. എന്നിട്ടും കേരളം പറയുന്നത് കേന്ദ്രം അന്യായം കാണിക്കുന്നുവെന്നാണ്. 10 വർഷം മുമ്പുള്ള കണക്കുകൾ പറയാൻ തയാറാകണം. ഇപ്പോൾ നടത്തുന്നത് തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള പതിവ് കരച്ചിലുകളാണ്, മന്ത്രി പറഞ്ഞു.
നാളികേരകൃഷിക്ക് കോള്
ദക്ഷിണ സംസ്ഥാനങ്ങൾക്ക് വലിയ നേട്ടമാണ് ഈ ബജറ്റിൽ. നാളികേര കൃഷിക്ക് വൻ തോതിലുള്ള സഹായമാണ് ബജറ്റിൽ. കേരളത്തിൽ 7.76 ലക്ഷം ഏക്കർ പ്രദേശത്ത് തെങ്ങുകൃഷിയുണ്ട്. ഹൈഡൻസിറ്റി, ഹൈ ഈൽഡിങ് തെങ്ങുകൾ കൃഷി ചെയ്യാൻ വൻ പദ്ധതിയും ധനസഹായവുമാണ് ബജറ്റിൽ. പഴയ ആദായം നൽകാത്ത തെങ്ങുകൾ മാറ്റി പകരം കൂടുതൽ ആദായം നൽകുന്ന തെങ്ങുകൾ വെക്കുന്നതാണ് പദ്ധതി. 1450 പുതിയ ഇനം തെങ്ങുകൾ നമ്മുടെ കാർഷിക ഗവേഷണ ശാസ്ത്രജ്ഞർ വികസിപ്പിച്ചിട്ടുണ്ട്. പഴയ മരങ്ങൾ മുറിച്ചുമാറ്റി പുതിയവ നടാനാണ് പദ്ധതി. കേരളത്തിന് ഈ രംഗത്ത് വൻ നേട്ടമുണ്ടാക്കാനാവും. കാഷ്യൂ, കൊക്കോ, നാളികേരം എന്നിവയുടെ ഉൽപ്പാദനം കൂട്ടുകയാണ് ലക്ഷ്യം.
കേരളത്തിന്റെ കൃഷി, ഫിഷറീസ്, ഡയറി ഉൽപ്പാദനം, ടൂറിസം, ആരോഗ്യം എന്നീ മേഖലയിൽ ഫോക്കസ് ചെയ്യാനാണ് കേന്ദ്ര ബജറ്റിലെ നിശ്ചയം. ഇക്കാര്യം മനസ്സിലാക്കി കേരളവും സഹകരിക്കണം. കേരളത്തിലെ 10000 പേർക്ക് ആരോഗ്യ മേഖലയിൽ പരിശീലനം നൽകാൻ പദ്ധതിയുണ്ട്. രാജ്യമെമ്പാടും ഒരുലക്ഷം പേരെ പരിശീലിപ്പിക്കും. കാർഷിക മേഖലയിൽ ഫുഡ് പ്രോസസിങ് സംവിധാനം വിലുപലമാക്കുകയാണ്. നിങ്ങൾ എന്തുഭക്ഷ്യവസ്തുക്കൾ ഉൽപ്പാദിപ്പിച്ചുകൊള്ളൂ, അത് വിപണനം ചെയ്യാൻ സർക്കാർ തയ്യാറാണ്. ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കൾ കയറ്റുമതി നിലവാരത്തിൽ ആയിരിക്കണം, അത് കയറ്റുമതിക്ക് മാത്രമല്ല.
ചെറുകിട വ്യവസായം;
കിട്ടിയത് 13,356 കോടി
കേരളത്തിൽ ചെറുകിട വ്യവസായ മേഖയിലുള്ളവർക്ക് പ്രധാനമന്ത്രിയുടെ പിഎംഇജിപി പദ്ധതി പ്രകാരം 13,356 കോടിരൂപയാണ് കേരളത്തിൽ വിതരണം ചെയ്തത്.
ഈ ബജറ്റിലെ പുതിയ പദ്ധതികളെക്കുറിച്ച് പറയുമ്പോൾ നിലവിലുള്ള ദേശീയപാത വികസനം, റയിൽ, തുറമുഖ, വിമാനത്താവള വികസ പരിപാടികൾ ഉൾപ്പെടെ മുൻ ബജറ്റുകളിലെ പദ്ധതികൾ ലക്ഷ്യം കാണുംവരെ തുടരുമെന്നും മന്ത്രി ശോഭ പറഞ്ഞു.
















