കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപാളി കേസിലെ ജാമ്യാപേക്ഷയിലാണ് തീർപ്പുണ്ടായത്. ഇന്നലെ ജാമ്യഹര്‍ജി പരിഗണിച്ച വിജിലന്‍സ് കോടതി വിശദമായ വാദം കേട്ടു.
കുറ്റപത്രം നല്‍കാന്‍ വൈകിയതിനാല്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. സ്വാഭാവിക ജാമ്യം പ്രതിയുടെ നിയമപരമായ അവകാശമാണെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ദ്വാരപാലകപാളി കേസില്‍ നേരത്തെ ജാമ്യം നേടിയ പോറ്റി, കട്ടിളപാളി കേസിലും 90 ദിവസത്തെ ജയില്‍ വാസത്തിന് പിന്നാലെയാണ് സ്വാഭാവിക ജാമ്യത്തിന് കോടതിയെ സമീപിച്ചത്.
രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ പോറ്റി ഇന്ന് തന്നെ പുറത്തിറങ്ങും. പത്തനംതിട്ടയിൽ പ്രവേശിക്കാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത്, സംസ്ഥാനത്തിന് പുറത്തേക്ക് പോകാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ആഴ്ചയിൽ രണ്ട് തവണ ഹാജരാകണം, അന്വേഷണസംഘം ആവശ്യപ്പെടുന്ന സമയത്തും ഹാജരാകണം, എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
2025 ഒക്ടോബർ 17നാണ് ദ്വാരപാലക ശിൽപ്പ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. നേരത്തേ കേസില്‍ അറസ്റ്റിലായ മുരാരിബാബു, ശ്രീകുമാര്‍, സുധീഷ് എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. മുന്‍ തിരുവാഭരണം കമ്മീഷണറായ കെ.എസ്. ബൈജുവും ഇന്നലെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. മറ്റു പ്രതികളും ഉടന്‍ സ്വാഭാവിക ജാമ്യം തേടി വിജിലന്‍സ് കോടതിയെ സമീപിക്കും.
പ്രത്യേക അന്വേഷണ സംഘത്തിന്റെ മെല്ലെപ്പോക്ക് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണമാകുന്നു എന്നതാണ് ഉയരുന്ന ആരോപണം. തെളിവുകള്‍ ശേഖരിക്കുന്നതിലെ കാലതാമസം മൂലം കുറ്റപത്രം വൈകുന്നത് പ്രത്യേക അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്നാണ് വിമര്‍ശനമുണ്ട്. തുടക്കത്തിലുള്ള വേഗത അന്വേഷണത്തില്‍ ഇപ്പോഴില്ലെന്നാണ് ആക്ഷേപം.
















