തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയില്‍വേ പദ്ധതിക്കായി കിഫ്ബി വഴി 1900 കോടി രൂപ വഹിക്കാമെന്ന് മന്ത്രിസഭാ യോഗം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഉപകാരപ്പെടുന്ന ഈ പാത 1997-98ലെ കേന്ദ്ര റെയില്‍വേ ബജറ്റില്‍ വിഭാവനം ചെയ്തതാണ്. എന്നാല്‍ പകുതി ചെലവ് സംസ്ഥാനം വഹിക്കണമെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് മുടങ്ങിക്കിടക്കുകയായിരുന്നു. 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ റെയില്‍ അന്യമായ പട്ടണങ്ങളെ ബന്ധിപ്പിക്കുകയും എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കന്‍ മലയോര മേഖലകളുടെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.
ഇതുവരെ 8 കിലോമീറ്റര്‍ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. അങ്കമാലി മുതല്‍ കാലടി വരെയുള്ള 7 കിലോമീറ്റര്‍ ദൂരത്തെ നിര്‍മ്മാണ പ്രവൃത്തികളും വര്‍ഷങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തിയായിരുന്നു.
















