തിരുവനന്തപുരം: ആരോഗ്യ പരിശോധന നടത്തി കുട്ടികള്‍ക്ക് ഇലക്ട്രോണിക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കാനും ഡേറ്റാ സമാഹരിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ എല്ലാ കുട്ടികളുടെയും സമഗ്രമായ ആരോഗ്യവിവരങ്ങളാണ് ഇങ്ങനെ സമാഹരിക്കുന്നതെന്നതിനാല്‍ ഇതിലെ സ്വകാര്യതാ ലംഘനവും സുരക്ഷിതത്വവും സംബന്ധിച്ച ആശങ്ക വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. ഹെല്‍ത്ത് കാര്‍ഡില്‍ രേഖപ്പെടുത്തുന്ന കുട്ടിയുടെ ആരോഗ്യ വിവരങ്ങള്‍ തുടര്‍ന്ന് ഇലക്ട്രോണിക്ക് ഹെല്‍ത്ത് കാര്‍ഡ് ആയി മാറ്റുകയും സ്റ്റേറ്റ് ഡേറ്റാ സെന്ററില്‍ സൂക്ഷിക്കുകയും ചെയ്യുമെന്നാണ് അധികൃതര്‍ പറയുന്നത്. അടിയന്തര ഘട്ടത്തില്‍ ഈ ഇലക്ട്രോണിക് രേഖ കുട്ടിക്ക് സഹായകമാവുമെങ്കിലും ഇത് ആരോഗ്യ മേഖലയിലെ കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് ബിസിനസ് ആവശ്യങ്ങള്‍ക്ക് ലഭ്യമാകാതെ നോക്കേണ്ടതുണ്ട്. കുട്ടികളുടെ സ്വകാര്യതയും ഉറപ്പാക്കണം.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ ഗുണഭോക്താക്കളായി ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ സ്‌കൂളിലും ഹെല്‍ത്ത് മെന്റര്‍മാരായി അധ്യാപകരെ തിരഞ്ഞെടുക്കുകയും ഹെല്‍ത്ത് അമ്പാസഡര്‍മാരായി ഒരോ ക്ലാസില്‍ നിന്നും ഒന്നോ രണ്ടോ കുട്ടികളെ തിരഞ്ഞെടുക്കുമെന്നും
സര്‍ക്കാര്‍ പറയുന്നു.
















