ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 ഫെബ്രുവരി 7 മുതൽ 8 വരെ മലേഷ്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരമാണ് സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി മോദിയുടെ മൂന്നാമത്തെ മലേഷ്യ സന്ദർശനമാണിത്. 2024 ആഗസ്തിൽ ഭാരതവും മലേഷ്യയും തമ്മിലുള്ള ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയതിനുശേഷം അദ്ദേഹത്തിന്റെ ആദ്യ സന്ദർശനവുമാണിത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്‌പ്പായി ഈ സന്ദർശനത്തെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു.
സന്ദർശന വേളയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി മലേഷ്യൻ പ്രധാനമന്ത്രിയുമായി വിശദമായ ചർച്ചകൾ നടത്തും.
പ്രധാനമന്ത്രി മലേഷ്യയിലെ ഭാരത സമൂഹത്തിലെ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. കൂടാതെ, വ്യവസായ പ്രമുഖരുമായും ബിസിനസ് പ്രതിനിധികളുമായും അദ്ദേഹം സംവദിക്കും. പത്താമത് ഭാരത- മലേഷ്യ സിഇഒ ഫോറവും സന്ദർശനത്തോടൊപ്പം നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചരിത്രം, നാഗരികത, സംസ്‌കാരം എന്നിവയിൽ വേരൂന്നിയ ആഴമേറിയതും ദീർഘകാലവുമായ ബന്ധങ്ങൾ ഭാരതവും മലേഷ്യയും പങ്കിടുന്നു. മലേഷ്യയിലെ ഭാരത പ്രവാസികൾ ഈ ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു, ഏകദേശം 2.9 ദശലക്ഷം ജനങ്ങളുള്ളതും ലോകത്തിലെ മൂന്നാമത്തെ വലിയ ഭാരത സമൂഹമാണിവിടെയുള്ളത്.
















