കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നതിൽ ആശങ്ക വേണ്ടെന്ന് ഹൈക്കോടതി. ജാമ്യം കിട്ടിയതുകൊണ്ട് അവർ രക്ഷപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതി സങ്കീർണമായ കേസാണിത്. അന്വേഷണം പൂർത്തിയാകാൻ അൽപ്പം കൂടി സമയം തരൂവെന്നും കോടതി വ്യക്തമാക്കി.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികൾക്കെതിരെ ശക്തമായ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ അവർ വിചാരണ സമയത്ത് രക്ഷപ്പെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരടക്കമുള്ളവരാണ് ഹർജി സമർപ്പിച്ചത്. കഴിഞ്ഞ ദിവസം ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുൻ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ജനുവരി 29ന് ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനും ജാമ്യം ലഭിച്ചിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനാണ് ആദ്യം ജാമ്യം ലഭിച്ചത്.
















