തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രം വൈകുന്നതിനെ വിമര്‍ശിച്ച് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. സംഭവം നടന്ന് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ എന്തുകൊണ്ട് കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് കോടതി ചോദിച്ചു.
കേസില്‍ വ്യോമയാന നിയമത്തിലെ വകുപ്പ് ചുമത്തിയിട്ടുളളതിനാല്‍ പ്രോസിക്യൂഷന്‍ അനുമതി കേന്ദ്രം നല്‍കണം. ഇതിനാലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കാത്തതെന്ന പ്രോസിക്യൂഷന്റെ മറുപടി തൃപ്തികരമല്ലെന്ന് കോടതി പറഞ്ഞു.
ബുധനാഴ്ച വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. കേസിലെ ഒന്നാം പ്രതി ഫര്‍സിന്‍ മജീദ് പാസ്പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി വിമര്‍ശനം ഉയര്‍ത്തിയത്. 2022 ജൂണ്‍ 13നാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുളളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.ഫര്‍സീന്‍ മജീദിന് പുറമെ നവീന്‍, സുധീപ് ജയിംസ്, മുന്‍ എംഎല്‍എ ശബരീനാഥന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഇ.പി.ജയരാജനാണ് തങ്ങളെ ആക്രമിച്ചതെന്ന് കാട്ടി ഫര്‍സീന്‍ മജീദും നവീന്‍കുമാറും നല്‍കിയ പരാതിയില്‍ ജയരാജനെതിരെയും കേസെടുത്തിരുന്നു.















