അജ്മീര്‍(രാജസ്ഥാന്‍): ജാതിഭേദമില്ലാതെ ഹിന്ദുസമൂഹം ഒത്തുചേര്‍ന്ന് ദേവനാരായണ ക്ഷേത്രത്തില്‍ അര്‍ച്ചന നടത്തിയപ്പോള്‍ കല്യാണിപുരയില്‍ പിറന്നത് പുതുചരിത്രം. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദുസമ്മേളനത്തിന്റെ ഭാഗമായാണ് സാമാജിക സമരസതയുടെ തിളക്കമേറിയ അധ്യായങ്ങളിലൊന്നിന് തുടക്കമായത്. പരമ്പരാഗതമായി ഗുര്‍ജര്‍ വിഭാഗത്തിലുള്ളവര്‍ മാത്രമാണ് കല്യാണിപുര ദേവനാരായണക്ഷേത്രത്തില്‍ അര്‍ച്ചന നടത്തിയിരുന്നത്. ക്ഷേത്രദര്‍ശനത്തിനും മറ്റും വിവേചനങ്ങളില്ലായിരുന്നെങ്കിലും ഇഷ്ടദേവന് അര്‍ച്ചന നടത്താനുള്ള അവകാശം മറ്റ് ഹിന്ദുസമുദായങ്ങളിലുള്ളവര്‍ക്കുണ്ടായിരുന്നില്ല.
ദേവനാരായണന്റെ ജന്മതിഥിയായ മാഘ ശുക്ല സപ്തമിയില്‍ ഗുര്‍ജര്‍ സമൂഹമൊന്നാകെ പങ്കെടുക്കുന്ന ഘോഷയാത്ര കല്യാണിപുര ക്ഷേത്രത്തിലെത്തി അര്‍ച്ചന നടത്തുന്ന ചടങ്ങാണ് എല്ലാവര്‍ഷവും നടക്കാറുള്ളത്. എന്നാല്‍ ഇക്കുറി ഗുര്‍ജറുകള്‍ മാത്രമല്ല എല്ലാ ഹിന്ദുക്കളും ഒരുമിച്ചു. ഭേദവിചാരത്തിന്റെ മതില്‍ക്കെട്ടുകള്‍ ഇല്ലാതായി. വിവിധ ജാതിവിഭാഗങ്ങളിലെ നൂറുകണക്കിനാളുകള്‍ ഭക്തിയോടെ, അതിലേറെ ആവേശത്തോടെ ഘോഷയാത്രയില്‍ പങ്കുചേര്‍ന്നു.
ഘോഷയാത്രയെ വരവേല്‍ക്കാന്‍ കല്യാണിപുര ശിവക്ഷേത്ര പൂജാരി അശോക് നേരിട്ടെത്തിയത് ആഹ്ലാദമിരട്ടിപ്പിച്ചു. ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഘുഭക്ഷണമൊരുക്കി കല്യാണിപുരയിലെ പ്രമുഖ ഗുര്‍ജര്‍ കുടുംബമായ മേഘവാള്‍ ഘോര മാതൃകയായി. എല്ലാവരെയും സ്വീകരിക്കാന്‍ ഇരുനൂറോളം സ്ത്രീകള്‍ കലശമേന്തി കാത്തുനിന്നു. ഘോഷയാത്ര അവസാനിച്ചപ്പോള്‍, ജാതിഭേദമില്ലാതെ എല്ലാവരും വഴിപാടുകള്‍ അര്‍പ്പിച്ച് ദേവനെ വണങ്ങി. ശേഷം പ്രസാദമേറ്റുവാങ്ങി.
സമാജിക സമരസതയുടെ സന്ദേശവുമായി രാജ്യമൊട്ടാകെ നടന്നുവരുന്ന ഹിന്ദുസമ്മേളനങ്ങളുടെ ഭാഗമായി കല്യാണിപുര ഗ്രാമത്തില്‍ രൂപീകരിച്ച വിപുലമായ സംഘാടക സമിതിയുടെയും ക്ഷേത്രപൂജാരി സുരേഷ് ഭദാനയുടെയും പരിശ്രമത്തിലൂടെയാണ് ഈ മുന്നേറ്റമുണ്ടായത്. എല്ലാ ഹിന്ദുക്കളും ഒന്നാണെന്നതിന്റെ സന്ദേശമാണിതെന്ന് ദേവനാരായണ ക്ഷേത്രാങ്കണത്തില്‍ നടന്ന ഹിന്ദുസമ്മേളനത്തെ അഭിവാദ്യം ചെയ്ത് സുരേഷ് ഭദാന പറഞ്ഞു. ഭഗവാന്‍ ദേവനാരായണന്‍ ഉള്‍പ്പെടെ എല്ലാ അവതാരങ്ങളെയും എല്ലാവരും ആദരിക്കുന്നു. ഏതെങ്കിലും ജാതിക്കുള്ളില്‍ ഈശ്വരനെ ഒതുക്കിനിര്‍ത്താനാവില്ല. മതപരിവര്‍ത്തന പരിശ്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ഇത്തരം പരിപാടികള്‍ ഒരുമിച്ച് സംഘടിപ്പിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദുസമ്മേളനത്തിന് ശേഷം രണ്ടായിരത്തിലധികം ഹിന്ദു ഭക്തര്‍, ഒരു വിവേചനവുമില്ലാതെ, ഒരുമിച്ചിരുന്ന് ഭക്ഷണപ്രസാദം കഴിച്ചാണ് പിരിഞ്ഞത്.
















