പത്തനംതിട്ട: കഴിഞ്ഞ മകരവിളക്ക് ദിനത്തില്‍ ശബരിമല സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ് നടന്നതായി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. ഹൈക്കോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് സംവിധായകന്‍ അനുരാജ് മനോഹറിന്റെ നേതൃത്വത്തില്‍ സിനിമാ ചിത്രീകരണം നടന്നത്. ശബരിമലയില്‍ വന്‍ സുരക്ഷാവീഴ്‌ച്ച ഉണ്ടായതായാണ് ഇത് വ്യക്തമാക്കുന്നത്. ശബരിമലയേയും പമ്പയേയും ആസ്പദമാക്കിയുള്ള സിനിമയുടെ ഇതിവൃത്തവും സംശയം ജനിപ്പിക്കുന്നു. അതിനാല്‍ ചലച്ചിത്രത്തിന്റെ തിരക്കഥ അടക്കമുള്ളവ പരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
മുത്തങ്ങ സംഭവത്തെ ആസ്പദമാക്കി ‘നരിവേട്ട’ എന്ന ചലച്ചിത്രം കഴിഞ്ഞ വര്‍ഷം സംവിധാനം ചെയ്തത് അനുരാജ് മനോഹര്‍ ആണ്. മകരവിളക്കിന് തൊട്ടുമുമ്പാണ് സന്നിധാനത്ത് ചലച്ചിത്ര ഷൂട്ടിങ് നടത്താന്‍ അനുമതി നല്‍കണമെന്ന് അനുരാജ് മനോഹര്‍ മൊബൈല്‍ ഫോണിലൂടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിനോട് ആവശ്യപ്പെട്ടത്. പമ്പയെ ആസ്പദമാക്കിയുള്ള ചിത്രമാണ് താന്‍ സംവിധാനം ചെയ്യുന്നതെന്നും അതിനാല്‍ മകരവിളക്ക് ദിനത്തില്‍ ചിത്രീകരണത്തിന് അനുമതി നല്‍കണമെന്നുമായിരുന്നു ആവശ്യം. ഹൈക്കോടതി നിര്‍ദേശം വ്യക്തമാക്കി കെ. ജയകുമാര്‍ അപ്പോള്‍ തന്നെ അനുമതി നിഷേധിച്ചു.
ഇതോടെ അനുരാജ് സന്നിധാനത്തിന്റെ ചുമതലയുള്ള എഡിജിപിയോട് അനുമതി തേടി. പമ്പാ ഹില്‍ ടോപ്പില്‍ സിനിമ ചിത്രീകരിക്കാന്‍ അദ്ദേഹം അനുമതി നല്‍കി. എന്നാല്‍ ഇതിന്റെ മറവില്‍ അനുരാജ് മനോഹറും സംഘവും മകരവിളക്ക് ദിനത്തില്‍ തന്നെ സന്നിധാനത്ത് ചിത്രീകരണം നടത്തിയ വിവരം പിന്നീട് പുറത്തുവന്നു. ഉടന്‍ തന്നെ നിജസ്ഥിതി അന്വേഷിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ ദേവസ്വം വിജിലന്‍സ് എസ്പി സുനില്‍ കുമാറിന് നിര്‍ദേശം നല്‍കി. രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ മകരവിളക്ക് ദിനത്തില്‍ സന്നിധാനത്ത് സിനിമാ ഷൂട്ടിങ് നടന്നതായി വ്യക്തമാക്കുന്ന പെന്‍ഡ്രൈവ് ദൃശ്യം അടക്കമുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വിജിലന്‍സ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് സമര്‍പ്പിച്ചു. തുടര്‍നടപടികളെപ്പറ്റി ലീഗല്‍ സെല്ലിന്റെ അഭിപ്രായം തേടിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്.
കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ സംവിധായകന്‍ അനുരാജ് മനോഹര്‍ ശബരിമല പശ്ചാത്തലമാക്കി സിനിമ എടുക്കുന്നത് സന്നിധാനത്തെ വിവാദകേന്ദ്രമാക്കി മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണെന്ന് സൂചനയുണ്ട്. ഒപ്പം മകരവിളക്ക് വിവാദമാക്കാനും ലക്ഷ്യമിട്ടിരുന്നു എന്നാണ് വിമര്‍ശനം. ഇതില്‍ നക്‌സല്‍, തീവ്രവാദ സംഘടനകള്‍ക്കും പങ്കുള്ളതായി സംശയമുണ്ട്.
















