ആര്‍എസ്എസ് സര്‍സംഘചാലകനായ ഗുരുജി ഗോള്‍വല്‍ക്കര്‍ 1949 സപ്തംബര്‍ നാലിന് പാട്‌നയില്‍ പത്രപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു:
‘പത്രപ്രവര്‍ത്തനം രാഷ്‌ട്ര നവോത്ഥാന പരിശ്രമങ്ങളെ ഭാവാത്മകമായി പിന്തുണയ്‌ക്കുന്നതും അതിന് ആക്കം കൂട്ടാന്‍ ഉപകരിക്കുന്നതുമാവണം.’ ദേശീയോദ്ഗ്രഥനത്തിനുള്ള ഉപകരണം എന്ന നിലയിലാണ് ഭാരതത്തില്‍ പത്രമാധ്യമങ്ങള്‍ ജനകീയമായത്. മഹാത്മാഗാന്ധി, ബാലഗംഗാധര തിലകന്‍, അരവിന്ദ ഘോഷ്, വി.ഡി. സാവര്‍ക്കര്‍, ഡോ. ഹെഡ്‌ഗേവാര്‍ തുടങ്ങി നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ പ്രചോദകരായ പലരും പത്രപ്രവര്‍ത്തകരോ പത്രാധിപന്മാരോ ആയിരുന്നു. അവരുടെ പാത പിന്തുടര്‍ന്ന് മലയാളത്തില്‍ ദേശീയ പത്രപ്രവര്‍ത്തനത്തിന്റെ വേറിട്ട പാത വെട്ടിത്തുറന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ഇപ്പോള്‍ പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ച പി. നാരായണന്‍ എന്ന നാരായണ്‍ജി. മലയാളത്തില്‍ ദേശീയ പത്രപ്രവര്‍ത്തനത്തിന്റെയും ദേശീയ സാഹിത്യത്തിന്റെയും വളര്‍ച്ചയ്‌ക്ക് നാരായണ്‍ജി നല്‍കിയ സംഭാവനകള്‍ രാജ്യത്തിന്റെ ഔദ്യോഗികമായ അംഗീകാരത്തിന് കൂടി അര്‍ഹമായിരിക്കുന്നു.
കേരളത്തില്‍ ‘പത്രാധിപര്‍’ എന്ന വിശേഷണം കൊണ്ട് അടയാളപ്പെടുത്തപ്പെടുന്ന പത്രപ്രവര്‍ത്തകന്‍ കേരളകൗമുദിയുടെ പത്രാധിപരായിരുന്ന കെ. സുകുമാരനാണ്. പിതാവായ സി.വി. കുഞ്ഞുരാമന്റെ പ്രേരണാദായകമായ പൈതൃകത്തിന്റെ കൂടി പിന്‍ബലത്തിലായിരുന്നു പത്രലോകത്തേക്കുള്ള കെ.സുകുമാരന്റെ രംഗപ്രവേശം. കേരളത്തിലെ സംഘപ്രസ്ഥാനങ്ങളെ സംബന്ധിച്ച് ‘പത്രപുരുഷന്‍’ എന്നോ പത്രപ്രവര്‍ത്തനത്തിന്റെ പ്രതിപുരുഷന്‍ എന്നോ വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് പി. നാരായണന്‍. പാരമ്പര്യത്തിന്റെ പ്രൗഢിയോ ഔപചാരികമായ പത്രപ്രവര്‍ത്തന പരിശീലനത്തിന്റെ പിന്തുണയോ കൂടാതെ പത്രപ്രവര്‍ത്തനത്തെ ഒരു ജീവിതദൗത്യമാക്കി മാറ്റിയ നാരായണ്‍ജിക്ക് രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരങ്ങളിലൊന്നായ പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിക്കുമ്പോള്‍ അതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്.
1936 മെയ് 28-ന് തൊടുപുഴ മണക്കാട് എം.എസ്. പത്മനാഭന്‍ നായരുടെയും സി.കെ. ദേവകി അമ്മയുടെയും മകനായി ജനിച്ച പി. നാരായണന്‍ തൊടുപുഴ ഗവ. ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1951-ല്‍ തിരുവനന്തപുരം മഹാത്മാഗാന്ധി കോളജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നതോടെയാണ് ആര്‍എസ്എസില്‍ ആകൃഷ്ടനായത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ ബിഎസ്‌സി പഠനത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി കുറച്ചുകാലം മണക്കാട് എന്‍എസ്എസ് ഹൈസ്‌കൂളില്‍ അധ്യാപകനായി. പിന്നീട് ആര്‍എസ്എസ് പ്രചാരകനായി ഗുരുവായൂരിലേക്ക് പോയി. കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ ജില്ലാ പ്രചാരകനായി പ്രവര്‍ത്തിച്ചശേഷമാണ് ഭാരതീയ ജനസംഘത്തിലേക്ക് നിയോഗിക്കപ്പെടുന്നത്.
ജന്മഭൂമിയുടെ ജീവാത്മാവ്
കേരളത്തില്‍ ദേശീയതയെ രാഷ്‌ട്രീയ രംഗത്തും മാധ്യമരംഗത്തും പ്രയോഗവല്‍ക്കരിക്കാന്‍ ജീവിതം സമര്‍പ്പിച്ച സ്വയംസേവകനും പ്രചാരകനുമാണ് നാരായണ്‍ജി. സംസ്ഥാനത്ത് ജനസംഘത്തെയും ജന്മഭൂമിയെയും ജനകീയമാക്കുന്നതിന് ജീവനാഡിയായി നാരായണ്‍ജി നിലകൊണ്ടു.
പത്രപ്രവര്‍ത്തനത്തില്‍നിന്ന് രാഷ്‌ട്രീയ രംഗത്തേക്ക് കടന്നുവന്നവര്‍ അനേകമുണ്ടെങ്കിലും രാഷ്‌ട്രീയ പ്രവര്‍ത്തനം വിട്ട് പത്രപ്രവര്‍ത്തന വഴി തിരഞ്ഞെടുത്ത അപൂര്‍വം ചിലരിലൊരാളാണ് നാരായണ്‍ജി. മണത്തല പ്രക്ഷോഭത്തെ കുറിച്ച് കേസരി വാരികയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് എഴുത്തിന്റെ വഴിയിലേക്ക് തിരിഞ്ഞത്. ‘ഓര്‍ഗനൈസര്‍’ വാരികയ്‌ക്കുവേണ്ടി ഇംഗ്ലീഷിലും, ‘പാഞ്ചജന്യ’ വാരികയ്‌ക്കുവേണ്ടി ഹിന്ദിയിലും നാരായണ്‍ജി നിരന്തരം ലേഖനങ്ങള്‍ എഴുതിയിരുന്നു.
ഉള്ളില്‍ എന്നും ഒരു പത്രപ്രവര്‍ത്തകന്‍ ഉറങ്ങിക്കിടന്നിരുന്നു. ഇക്കാര്യം നാരായണ്‍ജി തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. ഒരിക്കല്‍ ചെങ്ങന്നൂരില്‍ നടന്ന സംഘപ്രചാരകന്മാരുടെ ബൈഠക്കില്‍ ക്ഷേത്രീയ പ്രചാരകനായ യാദവറാവു ജോഷിജി ഒരു സാങ്കല്പിക ചോദ്യം ഉന്നയിച്ചു. രാഷ്‌ട്രപരമവൈഭവം സാക്ഷാത്കരിക്കപ്പെട്ടാല്‍ പിന്നെ സമാജത്തില്‍ സംഘത്തിന്റെ ആവശ്യമില്ലല്ലോ. അതിനാല്‍ പ്രചാരകന്മാരും വേണ്ട. അങ്ങനെ വന്നാല്‍ നിങ്ങള്‍ ഓരോരുത്തരും എന്തു ചെയ്യും എന്നതായിരുന്നു ചോദ്യം. പലരും പല ഉത്തരങ്ങളും പറഞ്ഞപ്പോള്‍ നാരായണ്‍ജി പറഞ്ഞത് താനൊരു പത്രലേഖകനാകുമെന്നാണ്.
മലയാളത്തില്‍ സംഘസാഹിത്യത്തിന്റെയും ദേശീയ സാഹിത്യത്തിന്റെയും വളര്‍ച്ചയ്‌ക്ക് നാരായണ്‍ജി നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. മൗലിക കൃതികളും വിവര്‍ത്തനങ്ങളും ഉള്‍പ്പെടെ നാല്പതോളം പുസ്തകങ്ങള്‍ നാരായണ്‍ജി രചിച്ചിട്ടുണ്ട്. 1999 മുതല്‍ ജന്മഭൂമി വാരാദ്യപ്പതിപ്പില്‍ എഴുതുന്ന ‘സംഘപഥത്തിലൂടെ’ എന്ന പംക്തി പലതുകൊണ്ടും ചരിത്രമാണ്. ഒരു സംഘപ്രചാരകന്റെ നേരനുഭവങ്ങളുടെ നേര്‍ക്കാഴ്ച മാത്രമല്ല, സ്വാനുഭവ വിവരണത്തിന്റെ വിരസതയില്ലാതെ വൈവിധ്യമാര്‍ന്ന വിജ്ഞാനരേണുക്കളുടെ വിനിമയശേഷിയാണ് ആ പംക്തിയെ വായനക്കാരുടെ മനസ്സില്‍ വേറിട്ടു നിര്‍ത്തുന്നത്. സംഘമണ്ഡലത്തിന് പുറത്തും ആസ്വാദകരെയും ആരാധകരെയും ആകര്‍ഷിക്കാന്‍ അതിനു കഴിഞ്ഞതും അതുകൊണ്ടു തന്നെ.
അനുവാചകരുടെയും അഭ്യുദയകാംക്ഷികളുടെയും മനസ്സില്‍ ജന്മഭൂമി എന്ന പത്രവും പി. നാരായണന്‍ എന്ന പേരും പരസ്പരപൂരകമാണ്. ജന്മഭൂമിയെ സംബന്ധിച്ച് നാരായണ്‍ജി പത്രത്താളുകളെ പുഷ്‌കലമാക്കിയ പത്രാധിപര്‍ മാത്രമായിരുന്നില്ല. പത്രത്തിന്റെ പര്യായവും പരമാത്മാവും, മറുവാക്കും മുഖവുമാണ്. കേരളത്തിന്റെ പത്രലോകത്ത് ദേശീയ പത്രപ്രവര്‍ത്തനത്തിന്റെ പുരുഷാകാരം പൂണ്ട പ്രതീകമാണ് നാരായണ്‍ജി. ജന്മഭൂമിയുമായുള്ള നാരായണ്‍ജിയുടെ ജൈവബന്ധം അനിഷേധ്യവും അനന്യവുമാണ്. പത്രം തുടങ്ങുന്നതിനു മുന്‍പ് കമ്പനി രൂപീകരണത്തിനും ധനസമാഹരണത്തിനും വേണ്ടി അക്ഷീണം പ്രയത്‌നിച്ച പ്രസാധകന്‍ മുതല്‍ പത്രാധിപ ചുമതലയില്‍ നിന്നു വിരമിച്ചിട്ടും പതിറ്റാണ്ടുകളായി അവിരാമം പത്രത്താളുകളെ സചേതനമാക്കുന്ന എഴുത്തുകാരന്‍ വരെയാണ് നാരായണ്‍ജി.
ഒരു പത്രസ്ഥാപനത്തില്‍ മാനേജര്‍ മുതല്‍ പത്രാധിപര്‍ വരെയും, പരിഭാഷകന്‍ മുതല്‍ പംക്തികാരന്‍ വരെയുമുള്ള വ്യത്യസ്ത ചുമതലകള്‍ ഒരുപോലെ നിര്‍വഹിക്കുകയും, അതിലെല്ലാം വിജയിക്കുകയും ചെയ്തിട്ടുള്ളവര്‍ അപൂര്‍വ്വമായിരിക്കും. അങ്ങനെയൊരാളാണ് നാരായണ്‍ജി. ദേശീയതയ്‌ക്ക് മലയാള പത്രമേഖലയില്‍ പാതയും പാഥേയവുമൊരുക്കിയ പത്രപ്രവര്‍ത്തനത്തിന്റെ പടത്തലവനാണ് നാരായണ്‍ജി.
പത്രലോകത്ത് ജന്മഭൂമി കൈവരിച്ച ഗുണപരമായ വളര്‍ച്ചയുടെയും വികാസത്തിന്റെയും പിന്നില്‍ നാരായണ്‍ജിയുടെ വിരലടയാളം പതിഞ്ഞിട്ടുണ്ട്. 1984 ല്‍ ജന്മഭൂമിയാണ് കേരളത്തിലാദ്യമായി ഫോട്ടോ കമ്പോസിങ് എന്ന കമ്പ്യൂട്ടര്‍ ആധാരിതമായ പോസ്റ്റ് പ്രിന്റിങ് സംവിധാനം ആരംഭിച്ചത്. 1980 കളില്‍ മലയാള പത്രങ്ങള്‍ക്ക് ശൈലീ പുസ്തകം രൂപകല്‍പ്പന ചെയ്യാന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും പ്രസ് അക്കാദമിയും മറ്റും നടത്തിയ ചര്‍ച്ചകളില്‍ നാരായണ്‍ജിയുടെ സാന്നിധ്യമുണ്ടായിരുന്നു. പിന്നീട് മലയാളത്തില്‍ സ്വന്തമായി ശൈലീ പുസ്തകം തയ്യാറാക്കിയ ആദ്യ പത്രങ്ങളിലൊന്നായി ജന്മഭൂമി മാറിയതും നാരായണ്‍ജിയുടെ ശ്രമഫലമായാണ്. പത്രങ്ങളില്‍ സര്‍വ്വസാധാരണയായി ഉപയോഗിച്ചു വരുന്ന ആംഗലേയ പദങ്ങള്‍ക്ക് പകരം അനുയോജ്യമായ മലയാള പദങ്ങള്‍ കണ്ടെത്താനും പ്രയോഗിക്കാനും പത്രാധിപര്‍ എന്ന നിലയില്‍ നാരായണ്‍ജി വളരെയധികം നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. ചരിത്രവും രാഷ്‌ട്രീയവും ശാസ്ത്രവും കായികവും ഉള്‍പ്പെടെയുള്ള ഏതു വിഷയത്തിലും അസാമാന്യമായ അറിവും ധാരണയും നാരായണ്‍ജിക്കുണ്ടായിരുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ അന്യമായിരുന്ന കാലത്ത് അനിതരസാധാരണമായ അറിവിന്റെയും ഓര്‍മ്മയുടെയും ചെപ്പുകള്‍ ജന്മഭൂമിക്ക് അകത്തും പുറത്തുമുള്ള പത്രപ്രവര്‍ത്തകര്‍ക്ക് വലിയ ആശ്രയവും അനുഗ്രഹവുമായിരുന്നു. നാരായണ്‍ജി അറിയപ്പെടാത്ത ഒരു കാര്‍ട്ടൂണിസ്റ്റ് കൂടിയാണ്. നാരായണ്‍ജിയുടെ നവതിയാഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ തോമസ് ജേക്കബ് പറഞ്ഞത് ഇത്രയും ജ്ഞാനിയായ ഒരു പത്രപ്രവര്‍ത്തകനെ വേറേ കണ്ടിട്ടില്ലെന്നും, നാരായണ്‍ജിയുടെ ഭാഷാ പാണ്ഡിത്യത്തെ കുറിച്ച് എത്ര പറഞ്ഞാലും തീരില്ലെന്നും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്‌ക്കും എ.പി. ഉദയഭാനുവിനും ശേഷം ഒരു പത്രത്തിനായി ഇത്രയും ത്യാഗം സഹിച്ച മറ്റൊരു പത്രാധിപര്‍ നാരായണ്‍ജിയെപ്പോലെ വേറേയില്ല എന്നുമാണ്. മലയാളത്തിലെ വര്‍ത്തമാനകാല പത്രലോകത്ത് നാരായണ്‍ജിയുടെ സ്ഥാനമെന്തെന്നറിയാന്‍ ഈ സാക്ഷ്യപത്രം തന്നെ ധാരാളം!
ജനസംഘത്തിന്റെ കോഴിക്കോട് ദേശീയ സമ്മേളനം സൃഷ്ടിച്ച വിജയതരംഗമാണ് ജന്മഭൂമിയുടെ പെട്ടെന്നുള്ള പിറവിക്ക് പ്രേരണയായത്. 1975 ഏപ്രില്‍ 28 ന് കോഴിക്കോട്ടുനിന്ന് തന്നെ ജന്മഭൂമി സായഹ്നപ്പതിപ്പായി പ്രസിദ്ധീകരണം തുടങ്ങി. രണ്ടുമാസത്തിന് ശേഷം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. എങ്കിലും പിച്ചവെച്ചു തുടങ്ങിയിട്ടില്ലാത്ത ആ പത്രശിശു സ്വേച്ഛാധിപത്യത്തെ ചോദ്യം ചെയ്യാനുള്ള ഇച്ഛാശക്തി പ്രകടിപ്പിച്ചു. അതേതുടര്‍ന്ന് ജന്മഭൂമിയുടെ മാനേജരായി പ്രവര്‍ത്തിച്ചിരുന്ന നാരായണ്‍ജിയേയും പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയേയും അവര്‍ താമസിച്ചിരുന്ന അലങ്കാര്‍ ലോഡ്ജില്‍നിന്ന് പോലീസ് പാതിരാത്രിയില്‍ വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്തു. പത്രം തന്നെ നിരോധിക്കപ്പെട്ടു. ജനസംഘം നേതാവ് എന്ന നിലയില്‍ മാത്രമല്ല ജന്മഭൂമിയുടെ മാനേജര്‍ എന്ന നിലയില്‍ കൂടിയാണ് നാരായണ്‍ജി അടിയന്തരാവസ്ഥയില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയില്‍വാസം അനുഭവിച്ചത്. അടിയന്തരാവസ്ഥയുടെ അമ്പതാം വര്‍ഷം പിന്നിടുമ്പോള്‍, അതോടൊപ്പം ജന്മഭൂമി അതിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുമ്പോള്‍ കേരളത്തിലെ അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ട ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള ജന്മഭൂമിയുടെ മുന്‍പത്രാധിപരെ തേടി പത്മപുരസ്‌കാരം എത്തുമ്പോള്‍ അത് കാലത്തിന്റെ നിശബ്ദമായ മറുപടി തന്നെയാണ്.
ജനസംഘത്തിന്റെ ജീവനാഡി
1951 ല്‍ ദേശീയ രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസിന് ബദലായി ഉദയം ചെയ്ത ജനസംഘം ഒന്നരപ്പതിറ്റാണ്ടിനുള്ളില്‍ രാജ്യത്തെ രണ്ടാമത്തെ പ്രബല കക്ഷിയായി വളര്‍ന്നു. മുതലാളിത്തത്തിനും കമ്മ്യൂണിസത്തിനും ആശയപരമായ ബദലുയര്‍ത്തി ദീനദയാല്‍ജി ഏകാത്മമാനവദര്‍ശനം എന്ന നയരേഖ ജനസംഘത്തിന്റെ പഠനശിബിരങ്ങളില്‍ അവതരിപ്പിച്ചപ്പോള്‍ അതിനു സാക്ഷിയായി നാരായണ്‍ജിയും ഉണ്ടായിരുന്നു. ജനസംഘ രൂപീകരണത്തിന്റെ എഴുപത്തഞ്ചാം വര്‍ഷത്തില്‍, അതോടൊപ്പം ഏകാത്മമാനവദര്‍ശനം അവതരിപ്പിക്കപ്പെട്ടതിന്റെ അറുപതാം വര്‍ഷത്തില്‍ നാരായണ്‍ജി പുരസ്‌കൃതനാവുമ്പോള്‍ അതിനു സവിശേഷമാര്‍ന്ന ചരിത്രപ്രാധാന്യമുണ്ട്.
ദീനദയാല്‍ ഉപാദ്ധ്യായയുടെ നിര്‍ദ്ദേശപ്രകാരം ഭാരതീയ ജനസംഘം കേരളത്തില്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് തിരുവനന്തപുരത്തായിരുന്നു. 1954 ല്‍ നടന്ന അന്നത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കോളേജ് വിദ്യാര്‍ത്ഥിയായ നാരായണ്‍ജിയും പങ്കാളിയായിരുന്നു. അറുപതുകളുടെ അവസാനം പി.പരമേശ്വരന്റെ പിന്‍ഗാമിയായി ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി നിയുക്തനായ നാരായണ്‍ജി കേരളത്തില്‍ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിന് വേരുറപ്പിച്ചവരില്‍ ഒരാളാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭരണം നേടുമ്പോള്‍ തന്നെയാണ് നാരായണ്‍ജിക്ക് പത്മവിഭൂഷണ്‍ ലഭിച്ചത്.
ഇതിലെല്ലാമുപരി രാഷ്‌ട്ര പുനര്‍നിര്‍മ്മാണത്തിന്റെ സംഘടനാസ്വരൂപമായ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി വര്‍ഷത്തിലാണ് നവതിയിലെത്തി നില്‍ക്കുന്ന നാരായണ്‍ജി പത്മവിഭൂഷിതനാവുന്നത്. അതേ, പി. നാരായണന്‍ എന്ന പത്രപുരുഷന്റെ പുരസ്‌കാര ലബ്ധി കാലത്തിന്റെ കരുതിവെപ്പുകളിലൊന്നാണ്.
















