ന്യൂദൽഹി: തുടർച്ചയായി ഒമ്പതാമത് ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്ററി ചരിത്രത്തിലേക്കും. പതിനൊന്ന് മണിക്ക് തുടങ്ങിയ അവതരണം ഒരു മണിക്കൂര്‍ 26 മിനുട്ട് കൊണ്ട് പൂർത്തിയാക്കി. ആധുനിക സാങ്കേതികവിദ്യയ്‌ക്കും പ്രതിരോധ മേഖലയ്‌ക്കും അത്യന്താപേക്ഷിതമായ അപൂർവ്വ ധാതുക്കളുടെ ഖനനത്തിനും സംസ്‌കരണത്തിനുമായി കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രത്യേക ‘റെയർ എർത്ത് കോറിഡോറുകൾ’ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിന് പുറമെ ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക.
ലോകത്തുതന്നെ ഏറ്റവും കൂടുതൽ മോണോസൈറ്റ് മണൽ ശേഖരമുള്ള പ്രദേശങ്ങളിൽ ഒന്നാണ് കേരളത്തിലെ തീരദേശപ്രദേശങ്ങൾ. പുതിയ ഇടനാഴി വരുന്നതോടെ ധാതുക്കളിൽ നിന്ന് റെയർ എർത്ത് മൂലകങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ കൂടുതൽ കാര്യക്ഷമമാകും. ധാതുക്കളുടെ ഖനനം മുതൽ അത്യാധുനിക ഉൽപ്പന്നങ്ങളുടെ നിർമ്മാണം വരെയുള്ള മുഴുവൻ ശൃംഖലയും കേരളത്തിൽ വികസിപ്പിക്കാൻ കേന്ദ്ര സഹായം ലഭിക്കും.
















