കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല ഉള്ളടക്കം പോസ്റ്റ് ചെയ്തുവെന്ന കേസില്‍ ക്രൈം ഓണ്‍ലൈന്‍ ചീഫ് എഡിറ്റര്‍ ടി പി നന്ദകുമാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ‘പിണറായി സരിത നായരുടെ പാവാട ഉയര്‍ത്തി എന്താണ് ചെയ്തത്… വീഡിയോ പുറത്തായി’ എന്ന അടിക്കുറിപ്പോടെ വീഡിയോ പോസ്റ്റ് ചെയ്തതിന് ഐടി ആക്ട് സെക്ഷന്‍ 67, 67 എ പ്രകാരമാണ് നന്ദകുമാറിനെതിരെ കേസെടുത്തത്. നന്ദകുമാര്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അശ്ലീല ഉള്ളടക്കമുണ്ടെന്നും അത് കലാപത്തിന് പ്രേരിപ്പിക്കുന്നതും മുഖ്യമന്ത്രിയുടെ പ്രശസ്തിക്ക് കളങ്കം വരുത്തുന്നതുമാണെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു.
സ്വന്തം പാര്‍ട്ടി അംഗങ്ങളും മറ്റുള്ളവരും ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷി സ്വീകരിക്കുന്ന ഇരട്ടത്താപ്പിലേക്ക് വിരല്‍ ചൂണ്ടുന്ന രാഷ്‌ട്രീയ വിശകലനമാണ് നന്ദകുമാര്‍ നടത്തിയതെന്ന പ്രതിഭാഗം അഭിഭാഷകന്‌റെ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ജാമ്യം അനുവദിച്ചത്.
















