തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നല്‍കിയ പരാതി രാഷ്‌ട്രപതി കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി.പരാതി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് വകുപ്പിന് നിര്‍ദേശം നല്‍കി.
ഇക്കാര്യം സൂചിപ്പിച്ച് അറിയിപ്പ് പരാതിക്കാരന് ലഭിച്ചു. പത്മ പുരസ്‌കാരങ്ങളെ മുമ്പ് പരസ്യമായി അധിക്ഷേപിച്ച വ്യക്തിക്ക് അത്തരമൊരു ഉന്നത ബഹുമതി നല്‍കുന്നത് പുനഃപരിശോധിക്കണമെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ ആവശ്യം.
ക്രിമിനല്‍കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് രാഷ്‌ട്രത്തിന്റെ ആദരം നല്‍കുന്നത് ഉചിതമല്ലെന്നും കമ്മിറ്റി രാഷ്‌ട്രപതിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വെള്ളാപ്പള്ളിക്ക് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം അനീതിയാണെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ പക്ഷം.
















