കൊച്ചി: കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിലെ പ്രമുഖന്‍ വെള്ളത്തൂവല്‍ സ്റ്റീഫന്‍ (82)അന്തരിച്ചു. കോതമംഗലം വടാട്ടുപാറയില്‍ മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
ഏറെ നാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. സംസ്‌കാരം ഞായറാഴ്ച വീട്ടുവളപ്പില്‍ . കോട്ടയം കങ്ങഴയ്‌ക്ക് സമീപം ചുണ്ടമണ്ണില്‍ കര്‍ഷക കുടുംബത്തിലാണ് ജനനം.കുടുംബം പിന്നീട് വെള്ളത്തൂവലിലേക്ക് കുടിയേറി.
പിതാവിന്റെ വഴി പിന്തുടര്‍ന്നാണ് സ്റ്റീഫന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിലെത്തിയത്. പാര്‍ട്ടി പിളര്‍പ്പിന് ശേഷം നക്സലൈറ്റ് പ്രസ്ഥാനത്തിലേക്കെത്തി. തലശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലെ പ്രധാനികളിലൊരാളാണ്. ഏറെ കാലം ഒളിവില്‍ കഴിഞ്ഞു.1971-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അന്ന് സ്റ്റീഫന്‍ കൊലക്കേസ് ഉള്‍പ്പെടെ പതിനെട്ട് കേസുകളില്‍ പ്രതിയായിരുന്നു. പിന്നാലെ ജയിലില്‍വച്ചുതന്നെ നക്‌സല്‍ രാഷ്‌ട്രീയം ഉപേക്ഷിച്ചു.
പാകതയില്ലാത്ത ചെറുപ്പകാലത്ത് വിപ്ലവം അറിവില്ലായ്‌മയില്‍ നിന്നുള്ള ആവേശമായിരുന്നു എന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഇടക്കാലത്ത് സുവിശേഷപ്രവര്‍ത്തനത്തിലേക്കും വഴി മാറി.
















