കൊച്ചി:റിപ്പോര്‍ട്ടര്‍ ടി വിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കിറ്റെക്‌സ് എം ഡി സാബു എം ജേക്കബ്. 250 കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
തന്നെ മനപൂര്‍വം ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായും ന്യൂസ് ചാനല്‍ ഉടമസ്ഥനെന്ന് കരുതി ആരെയും കരി വാരിത്തേക്കാമെന്ന് കരുതരുത് എന്നും സാബു എം ജേക്കബ് പറഞ്ഞു.റിപ്പോര്‍ട്ടര്‍ ടിവി വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച സാബു എം ജേക്കബ് ചാനല്‍ ഉടമ ആന്റോയെ അറിയുന്നത് തന്നെ മാംഗോ ഫോണിലൂടെയാണെന്നും കൂട്ടിച്ചേര്‍ത്തു. തട്ടിപ്പ് നടത്തിയതാണ് ആന്റോയെ കേരളം അറിയാന്‍ കാരണം. പിന്നീട് മരം മുറിക്കേസിലൂടെയും ആന്റോയുടെ പേര് കേട്ടു. മാസങ്ങളോളം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ന്യൂസ് ചാനല്‍ ഏറ്റെടുത്തു. ഒരു ചാനലില്‍ ഇരുന്ന് തന്നെ മോശമാക്കാന്‍ ശ്രമിക്കുകയാണ്. പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളെന്നും സാബു എം ജേക്കബ് പറഞ്ഞു.
അമേരിക്കയിലേയ്‌ക്ക് ഓര്‍ഗാനിക് അല്ലാത്ത ഉത്പന്നങ്ങള്‍ കിറ്റക്‌സ് കയറ്റി അയച്ചു എന്നാണ് റിപ്പോര്‍ട്ടര്‍ ടി.വി പറയുന്നത്. ശുദ്ധകളവ് എങ്ങനെ പറയാന്‍ സാധിക്കുന്നു.ഒരു വസ്തുതകളും പഠിക്കാതെ ചാനലില്‍ ഇരുന്ന് പറയുകയാണ്.
ലൈസന്‍സ് ഇല്ലാതെയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നതെന്നും സാബു എം ജേക്കബ് കുറ്റപ്പെടുത്തി. ബ്രോഡ്കാസ്റ്റിംഗ് സര്‍ട്ടിഫിക്കറ്റ് റിപ്പോര്‍ട്ടര്‍ പുറത്ത് വിടണം. ആന്റോ എങ്ങനെ എം.ഡി യായി. ആരും ശബ്ദിച്ചില്ലെങ്കില്‍ ദേശീയ ദുരന്തം ആയി മാറുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ വാര്‍ത്ത പുറത്തുവിടുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ ജനങ്ങള്‍ ബഹിഷ്‌കരിക്കണം. ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പടെ 16 പേര്‍ക്കാണ് നോട്ടീസ് അയച്ചത്.
















