കോഴിക്കോട്: ഇസ്ലാമിക പണ്ഡിതർക്കിടയിൽ സുന്നി ചിന്താപദ്ധതിക്കാർക്ക് ഒറ്റ ശബ്ദം ഒറ്റലക്ഷ്യം എന്ന ആശയത്തിൽ രൂപംകൊണ്ട സമസ്ത എന്ന സംഘടനയിൽ തമ്മിലടി. മത പണ്ഡിരെന്നു പറയപ്പെടുന്നവർ രാഷ്‌ട്രീയത്തിലിറങ്ങിയതും സിപിഎം രാഷ്‌ട്രീയത്തോടും പിണറായി വിജയനോടും അമിത വിധേയത്വം കാട്ടിത്തുടങ്ങിയതുമാണ് അടിസ്ഥാന കാരണം. സമസ്തയിൽനിന്ന് ഉമ്മർ ഫൈസി മുക്കം എന്ന പണ്ഡിതനെ സംഘടന പുറത്താക്കി. ആദ്യമായാണ് സമസ്ത എന്ന സമസ്ത കേരള ജം ഇയ്യത്തുൾ ഉലേമ ഔദ്യോഗികമായി പ്രമേയം പാസാക്കി ഒരാളെ ഇസ്ലാമിക പണ്ഡിതസമിതിയിൽനിന്ന് പുറത്താക്കുന്നത്.
മുസ്ലിം ലീഗിന്റെ തലവൻ പാണക്കാട് തങ്ങളും ഈ സമിതിയിൽ അംഗമാണ്. അത് പാണക്കാട് തങ്ങൾക്കുള്ള മതപരിവേഷം പരിഗണിച്ചാണത്. സമസ്തയുടെ രാഷ്‌ട്രീയ ആവശ്യങ്ങൾ ലീഗുവഴിയാണ് നടപ്പാക്കിക്കൊണ്ടിരുന്നത്. എന്നാൽ മുസ്ലിം ലീഗ് സമസ്ത നേതാക്കളുടെ രാഷ്‌ട്രീയ ആവശ്യങ്ങൾക്ക് വിലകൊടുക്കാത്തതും തുടർച്ചയായി രണ്ടു തവണ ലീഗ് ഭരണത്തിനു പുറത്താകുകയും ചെയ്ത പശ്ചാത്തലത്തിലാണ് സ്മസ്ത നേതാക്കൾ സിപിഎമ്മിനോട് അടുത്തത്. എന്നാൽ അത് സമസ്തയുടെ ലക്ഷ്യ ഉദ്ദേശ്യങ്ങൾക്ക് വിരുദ്ധമാണ്.
എന്നാൽ മുസ്ലിം സമുദായത്തിൽ പുതിയൊരു വോട്ടുബാങ്കായി സിപിഎം സമസ്തയെ കണ്ടു. സമസ്ത നേതാക്കളിൽ പലരും പ്രത്യേകിച്ച് അദ്ധ്യക്ഷൻ ജഫ്രി മുത്തുക്കോയ തങ്ങൾ സമസ്തയെ സിപിഎമ്മിന്റെ ബി ടീമാക്കി മാറ്റിയെന്ന ആക്ഷേപം സമസ്ത നേതാക്കൾക്കിടയിൽ വ്യാപകമായിരുന്നു. 2021- 2023 കാലത്ത് ഇത് എല്ലാ സീമകളും ലംഘിച്ചു. രാഷ്‌ട്രീയ പ്രസക്തി നഷ്ടമാകുമെന്ന് മനസ്സിലാക്കിയ മുസ്ലിം ലീഗ് പരസ്യമായി ചെറുത്തു. ഇതിനൊപ്പം നിന്ന് ലീഗ് പക്ഷക്കാരായ സമസ്തക്കാർ ലീഗ് വിരുദ്ധരെ നേരിട്ടു. എന്നാൽ പിണറായിയെ ചാരി ലീഗ് നേതാക്കളെ തള്ളുകയായിരുന്നു സ്മസ്തയുടെ ഭൂരിപക്ഷം.
ഉമർ ഫൈസി മുക്കം എന്ന സമസ്ത സെക്രട്ടറി പാണക്കാട് ശിഹാബ് തങ്ങളെ പ്രസംഗത്തിൽ പരസ്യമായി വിമർശിച്ചു. ഇതിന്റെ പേരിൽ ഉമർ ഫൈസിയെ ശാസിച്ചു. പക്ഷേ ശാസിച്ചവരെ പരിഹസിച്ച് പാണക്കാട് തങ്ങളെ ആക്ഷേപിക്കുന്നത് ആവർത്തിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് പ്രമേയം പാസാക്കി നടപടി വന്നത്.
സമസ്തയുടെ നൂറാം വാർഷികാഘോഷം നടക്കുമ്പോഴാണ് ഈ സംഭവങ്ങൾ എന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തുമെന്ന് സമസ്ത അദ്ധ്യക്ഷൻ ജഫ്രി തങ്ങൾ പറഞ്ഞു.
















