ബെംഗളൂരു: കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയി ഐടി റെയ് ഡിനിടയില്‍ അമ്മയോട് സംസാരിക്കാന്‍ സമയം ചോദിച്ചെന്നും അതിന് ശേഷമാണ് തൊട്ടടുത്ത മുറിയില്‍ പോയി സ്വയം വെടിവെച്ചതെന്നും പറയുന്നു. ആദായനികുതി വകുപ്പ് വെള്ളിയാഴ്ച രാവിലെ റെയ്ഡ് ചെയ്യുകയും പിന്നീട് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. റെയ്ഡിനിടയില്‍ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ അദ്ദേഹത്തിന്റെ വരുമാനഉറവിടങ്ങളേക്കാള്‍ കൂടിയ തോതിലാണെന്ന് കണ്ടെത്തിയെന്നും ഇതില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ കമ്പനിയുടെ ചില രേഖകള്‍ പരിശോധിച്ചതും ഇദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
സംസ്കാരം ശനിയാഴ്ച ബെംഗളൂരുവില്‍
വെള്ളിയാഴ്ച വൈകിട്ട് 3.15നാണ് കോര്‍പറേറ്റ് ഓഫീസിൽ വെച്ച് സ്വയം വെടിയുതിർത്ത് സിജെ റോയ് ജീവനൊടുക്കിയത്.നാളെ ബെംഗളൂരുവിൽ വെച്ച് സംസ്കാരം നടക്കും. കുടുംബാംഗങ്ങൾ വിദേശത്തുനിന്ന് രാത്രി മടങ്ങിയെത്തും.
മൂന്ന് ദിവസമായി തുടരുന്ന റെയ്ഡ്; ഐടി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും
കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് റെയ്‌ഡ് നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് വ്യക്തമാക്കി. ഐടി ഉദ്യോഗസ്ഥരിൽ നിന്നും വിശദാംശങ്ങൾ തേടുമെന്നും സീമന്ത് കുമാർ സിംഗ് പറഞ്ഞു. സി.ജെ.റോയിയുടെ രണ്ട് മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും. വെടിയുതിര്‍ത്ത തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. എന്തായാലും പൊലീസ് ശനിയാഴ്ച ഐടി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.
വ്യക്തി, ബിസിനസ് ബന്ധങ്ങള്‍ പരിശോധിക്കുന്നു
ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ബന്ധങ്ങള്‍, ബിസിനസ് രംഗത്തെ ബന്ധങ്ങള്‍ എന്നിവ പരിശോധിക്കുന്നുണ്ട്. ഇതില്‍ എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. അത്തരം വിവരങ്ങളെന്തെങ്കിലും ലഭിച്ചേയ്‌ക്കുമെന്ന പ്രതീക്ഷയില്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകളും വിശദമായി പരിശോധിക്കുന്നുണ്ട്. നാരായണ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പക്ഷെ പിന്നീട് ബൗറിംഗ് ഹോസ്പിറ്റലിൽ വെച്ചായിരിക്കും പോസ്റ്റ്മോർട്ടം നടപടികൾ നടക്കുക എന്ന അറിയിപ്പുണ്ടായി. മൃതദേഹം ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
















