ബെംഗളൂരു:റിയല്‍ എസ്റ്റേറ്റ് കമ്പനിയായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ സി ജെ റോയിയുടെ(56) സംസ്‌കാരം ശനിയാഴ്ച ബംഗളുരുവില്‍ നടക്കും.ദുബായിലുളള ഭാര്യയും മകനും മകളും രാവിലെ എത്തുമെന്നാണറിയുന്നത്.
ബൗറിംഗ് ആശുപത്രിയില്‍ വെച്ചായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍. മൃതദേഹം ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം,ആദായനികുതി റെയ്ഡിനിടെ ഡോ സി ജെ റോയ് ജീവനൊടുക്കിയതിന് ഉത്തരവാദി ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരാണെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ലീഗല്‍ അഡൈ്വസര്‍ പ്രകാശ് ആരോപിച്ചു. ഐടി ഉദ്യോഗസ്ഥര്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തി. വെളളിയാഴ്ച ഉച്ച തിരിഞ്ഞ് 3.15നാണ് അശോക നഗറിലെ കോര്‍പറേറ്റ് ഓഫീസില്‍ വെച്ച് സ്വയം വെടിയുതിര്‍ത്ത് സിജെ റോയ് ജീവനൊടുക്കിയത്.
കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥര്‍ മൂന്നുദിവസമായി ഓഫീസില്‍ പരിശോധന നടത്തി വരികയായിരുന്നു.കേരളത്തില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ക്ക് ബംഗളുരുവില്‍ റെയ്ഡിന് നിയമപരമായി കഴിയില്ലെന്ന് കാട്ടി കോടതിയില്‍ നിന്ന് നേരത്തേ ഡോ സി ജെ റോയ് സ്‌റ്റേ ഉത്തരവ് വാങ്ങിയിരുന്നെങ്കിലും ഇതിനെതിരെ ആദായ നികുതി ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയാണ് പരിശോധന നടത്തിയത്.
വെളളിയാഴ്ച ഉച്ചയ്‌ക്ക് ഡോ സി ജെ റോയിയെ ഓഫീസിലേക്ക് വിളിച്ച് വരുത്തി ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് രേഖകള്‍ ആവശ്യപ്പെട്ട പ്രകാരം കൈമാറി. എന്നാല്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ സ്വന്തം മുറിയിലേക്ക് പോയ ഡോ സി ജെ റോയ് ലൈസന്‍സുളള സ്വന്തം തോക്കില്‍ നിന്ന് നിറയൊഴിക്കുകയായിരുന്നു.വെടിയൊച്ച കേട്ട് ഓടിയെത്തിയ ജീവനക്കാര്‍ ഓഫീസിലെ മറ്റൊരു ഭാഗത്തുണ്ടായിരുന്ന ഐ ടി ഉദ്യോഗസ്ഥരെ വിവരമറിയിച്ച ശേഷം ഡോ സി ജെ റോയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെഞ്ചിലാണ് വെടി കൊണ്ടത്. ഇതിന് ശേഷം കുറെ സമയത്തിന് ശേഷമാണ് രേഖകള്‍ അടങ്ങിയ പെട്ടികളുമായി ആദായ നികുതി ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
വെടിയുതിര്‍ത്ത തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.ഡോ സി ജെ റോയിയുടെ രണ്ട് മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളും പരിശോധിക്കും.
ഐടി ഉദ്യോഗസ്ഥരില്‍ നിന്നും വിശദാംശങ്ങള്‍ തേടുമെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലും ബെംഗളൂരുവിലും ഗള്‍ഫിലും നിക്ഷേപമുള്ള വ്യവസായ പ്രമുഖനായിരുന്നു സി ജെ റോയ്. ഗുരുവായൂര്‍ സ്വദേശിയായ അദ്ദേഹം ബംഗളുരുവിലാണ് വളര്‍ന്നത്. വിദേശ രാജ്യങ്ങളില്‍ വിദ്യാഭ്യാസം നേടി. ഹ്യൂലറ്റ് പക്കാര്‍ഡ് എന്ന അമേരിക്കന്‍ ഐ ടി കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഡോ സി ജെ റോയ് പിന്നീട് റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ വലിയ വിജയം നേടി. കാസനോവ,മരയ്‌ക്കാര്‍, ഐഡന്റിറ്റി, അനോമി
എന്നീ സിനിമകളുടെ സഹ നിര്‍മ്മാണം നിര്‍വഹിച്ചു. സാമൂഹ്യമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ടായിരുന്നു അദ്ദേഹത്തിന്.
















