തിരുവനന്തപുരം: സുരക്ഷിത കുടിയേറ്റം ഉറപ്പാക്കാന്‍ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. പ്രവാസത്തെക്കുറിച്ചുള്ള അവബോധം നല്‍കുന്നതിനൊപ്പം സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ച് യാത്രക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കാനും ഈ ഡെസ്‌ക് സഹായിക്കും.
വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് അതാത് രാജ്യങ്ങളിലെ നിയമങ്ങള്‍, സര്‍വകലാശാല വിവരങ്ങള്‍, കോഴ്സുകള്‍ എന്നിവയെക്കുറിച്ച് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്റ്റുഡന്റ് മൈഗ്രേഷന്‍ പോര്‍ട്ടലില്‍ ലഭിക്കും.
ലോക മലയാളികള്‍ക്കായുളള ഡിജിറ്റല്‍ ഇടമായ ലോക കേരളം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സേവനങ്ങള്‍ വിപുലീകരിച്ചു. പ്രവാസികേരളീയര്‍ക്ക് സൗജന്യ മാനസിക ആരോഗ്യ കണ്‍സല്‍ട്ടേഷനും ആയുര്‍വേദ കണ്‍സല്‍ട്ടേഷന്‍ സേവനങ്ങളും ലോക കേരളം ഓണലൈനില്‍ ലഭ്യമാക്കും. നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ആയുഷ് മിഷന്‍ എന്നിവരുടെ സഹായത്തോടെയാണ് പ്രസ്തുത സേവനങ്ങള്‍ സൗജന്യമായി നല്‍കുന്നത്. ഫെബ്രുവരി 15 മുതല്‍ സേവനങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാകും.
പ്രവാസി മലയാളികള്‍ക്കും നിക്ഷേപകര്‍ക്കും കേരളത്തില്‍ സുരക്ഷിതമായും സുതാര്യമായും നിക്ഷേപം നടത്തുന്നതിനായി കേരള സര്‍ക്കാരിന് കീഴിലുള്ള ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ് ലിമിറ്റഡ് ആവിഷ്‌കരിച്ച അത്യാധുനിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ഷെര്‍പ്പ നിക്ഷേപ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഒരു വഴികാട്ടിയായി ഈ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം, ഡിജിറ്റല്‍ സേവനങ്ങളുടെ സംയോജനം, നിക്ഷേപങ്ങളുടെ പുരോഗതി തത്സമയം വിലയിരുത്താനുള്ള സംവിധാനം എന്നിവ ഷെര്‍പ്പയുടെ പ്രത്യേകതകളാണ്.
















