തിരുവനന്തപുരം:കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന ഖാര്‍ഗെയുമായി അനുരഞ്ജന ചര്‍ച്ച നടത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് പോകില്ലെന്ന് ശശി തരൂര്‍ എംപി. വര്‍ഗീയതയ്‌ക്കും ഭിന്നിപ്പിക്കലിനുമെതിരെ രാജ്യത്തുയരുന്ന ശക്തമായ ശബ്ദമാണ് രാഹുല്‍ ഗാന്ധിയുടെതെന്ന് ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്‌ക്ക് ശേഷം കേരളത്തിലെത്തിയ തരൂര്‍ പറഞ്ഞു.കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ശശി തരൂര്‍ പാര്‍ട്ടിയുടെ മുഖമാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
കെപിസിസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഗാന്ധി രക്തസാക്ഷി ദിനാചരണത്തില്‍ മറ്റ് നേതാക്കള്‍ക്കൊപ്പം ശശി തരൂര്‍ പങ്കെടുത്തു.കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഇടം വേണമെന്ന് രാഹുല്‍ ഗാന്ധിയോടും മല്ലികാര്‍ജുന്‍ ഖര്‍ഗെയോടും കൂടിക്കാഴ്ചയില്‍ തരൂര്‍ ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്‍പ്പെടെ സജീവമാകണമെന്ന നിര്‍ദ്ദേശം രാഹുല്‍ ഗാന്ധി തരൂരിന് നല്‍കി. ഇതോടെ രാഹുല്‍ ഗാന്ധിയെ തരൂര്‍ വാനോളം പുകഴ്‌ത്തി. ഹൈക്കമാന്‍ഡ് വേണ്ടപ്പെട്ടയാളെന്ന സന്ദേശം നല്‍കിയതോടെ തരൂരുമായി അകന്ന് നിന്ന കേരളത്തിലെ നേതൃത്വവും തരൂരിനായി വാഴ്‌ത്ത് പാട്ടുകള്‍ തുടങ്ങി.
കേരളത്തിലെ നേതൃത്വം തന്നെ അകറ്റിനിര്‍ത്തുകയാണെന്നാണ് തരൂര്‍ രാഹുല്‍ ഗാന്ധിയോട് പരാതിപ്പെട്ടത്. മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്നയാളെന്ന് പ്രചരിപ്പിച്ചെന്നും മുഖ്യമന്ത്രി പദം ആഗ്രഹിക്കുകയോ വിമത നീക്കം നടത്തുകയോ ചെയ്തിട്ടില്ലെന്നും തരൂര്‍ പറഞ്ഞു. സിപിഎമ്മിലേക്കെന്ന പ്രചാരണം പോലും കോണ്‍ഗ്രസുകാരാണ് നടത്തിയതെന്നാണ് തരൂര്‍ നേതൃത്വത്തെ ധരിപ്പിച്ചത്. തരൂരിനെ ചേര്‍ത്ത് നിര്‍ത്തി തന്നെ പോകണമെന്ന സന്ദേശം കേരളത്തിലെ നേതൃത്വത്തിനും എഐസിസിക്കും ഹൈക്കമാന്‍ഡ് നല്‍കി.
കൊച്ചിയില്‍ സംഘടിപ്പിച്ച മഹാപഞ്ചായത്തില്‍ രാഹുല്‍ ഗാന്ധി തരൂരിന് കൈകൊടുക്കാനോ നേതാക്കളെ അഭിസംബോധന ചെയ്യുമ്പോള്‍ തരൂരിന്റെ പേര് പറയാനോ കൂട്ടാക്കാത്തത് അദ്ദേഹത്തിന് അപമാനമായിരുന്നു. ഇതോടെ പൂര്‍ണമായി ഇടഞ്ഞ തരൂരിനെ അനുനയിപ്പിക്കാനാണ് കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവെ തരൂരിനെ പിണക്കുന്നത് ബുദ്ധിയല്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
















