കൊച്ചി:നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി മുഖ്യപ്രതി പള്‍സര്‍ സുനി . അന്വേഷണത്തിലെ വീഴ്ചകളും തെളിവുകള്‍ ശേഖരിച്ചതില്‍ പാളിച്ചകളും ഉണ്ടെന്ന് ആരോപിച്ചാണ് അപ്പീല്‍. ദൃശ്യങ്ങള്‍ ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഒറിജിനല്‍ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ അതില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന് പറയുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് അപ്പീലില്‍ വാദമുയര്‍ത്തുന്നു.
കൃത്യത്തിന് ഉപയോഗിച്ചു എന്ന് പറയുന്ന സിം കാര്‍ഡ് മറ്റൊരു വ്യക്തിയുടെ പേരിലാണ് ഉളളത്. ഇയാളെ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അപ്പീലില്‍ പറയുന്നു.ഡിഎന്‍എ പരിശോധനയ്‌ക്കായി സാമ്പിളുകള്‍ ശേഖരിച്ചതില്‍ കാലതാമസമുണ്ടായി.തെളിവുകളില്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്ന വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ലെന്നും അപ്പീലില്‍ പറയുന്നു. പള്‍സര്‍ സുനി ഉള്‍പ്പെടെ നാല് പ്രതികളാണ് ഹൈക്കോടതിയില്‍ ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇതുവരെ അപ്പീല്‍ നല്‍കിയത്. പള്‍സര്‍ സുനിക്ക് 20 വര്‍ഷത്തെ കഠിന തടവാണ് വിചാരണ കോടതി വിധിച്ചത്.
കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും 20 വര്‍ഷം തടവും 50,000 പിഴയുമാണ് വിധിച്ചത്. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍ എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്റണി മകന്‍ മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി പി വിജീഷ്, അഞ്ചാം എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.















