കോഴിക്കോട്: വനം മന്ത്രി എ കെ ശശീന്ദ്രനെ വരാനിരിക്കുന്ന നിയസഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് പ്രമേയം. കോഴിക്കോട്ടെ 13 മണ്ഡലം കമ്മിറ്റികളില്‍ പത്തിടത്തും പ്രമേയം പാസാക്കി. നിലവിൽ എട്ട് തവണ മത്സരിക്കുകയും രണ്ട് തവണ മന്ത്രിയാവുകയും ചെയ്ത സാഹചര്യത്തിൽ ഇനി പിൻവാങ്ങണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം തിരിച്ചടിയുണ്ടാകുമെന്നും പറയുന്നു. ശശീന്ദ്രൻ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റിയില്‍ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മണ്ഡലം കമ്മിറ്റികളുടെ പ്രമേയം പാസാക്കിയത്.
വരുന്ന നിയസഭ തെരഞ്ഞെടുപ്പിൽ ശശീന്ദ്രൻ മത്സരിക്കാതെ മാറി നിന്നാൽ അത് മറ്റൊരാൾക്കുള്ള അവസരമാകുമെന്നാണ് പാര്‍ട്ടിയിലെ ഒരുകൂട്ടം നേതാക്കൾ പറയുന്നത്. എന്നാല്‍ ഇതിന് അദ്ദേഹം തയ്യാറാവുന്നില്ലെന്നാണ് ജില്ലാ നേതാക്കള്‍ പറയുന്നത്. എലത്തൂരില്‍ ശശീന്ദ്രനെതിരെ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും ഇത്തവണയും അദ്ദേഹം തന്നെ മത്സരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ശശീന്ദ്രന്‍ ഇത്തവണ മത്സരിക്കാതെ മാറി നിൽക്കണമെന്ന് എന്‍സിപി കോഴിക്കോട് ജില്ല അധ്യക്ഷൻ മുക്കം മുഹമ്മദും മുൻപ് പറഞ്ഞിരുന്നു. മത്സരിക്കുന്ന കാര്യത്തിൽ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി ദേശീയ നേതൃത്വം ആണെന്നായിരുന്നു ഇതിന് അന്ന് ശശീന്ദ്രൻ നൽകിയ മറുപടി. 1980 മുതൽ ശശീന്ദ്രൻ മത്സര രംഗത്തുണ്ട്. എട്ട് തെരഞ്ഞെടുപ്പുകളിൽ വിജയം കൊയ്യാനായി. പത്തുവർഷത്തോളം മന്ത്രിപദത്തിലും ഉണ്ടായിരുന്നു. പാർട്ടി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാൽ ഇത്തവണയും എലത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നാണ് ശശീന്ദ്രന്റെ നിലപാട്.












