കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എസ്ഐടി അറസ്റ്റ് ചെയ്ത പ്രതികൾ ഓരോരുത്തരായി പുറത്തേയ്‌ക്ക്. ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം അപഹരിച്ചെന്ന കേസിൽ മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫിസർ എസ്. ശ്രീകുമാറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ. അറസ്റ്റിലായ 43 -ാം ദിവസമാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.
ദ്വാരപാലക ശിൽപ്പ പാളികൾ കടത്തുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ശ്രീകുമാർ ജോലിയിൽ പ്രവേശിക്കുന്നതെന്നും കേസിന് ആസ്പദമായ രേഖകളിൽ ഒപ്പുവച്ചത് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിന് ശേഷം രണ്ടാമതായി ജാമ്യം ലഭിക്കുന്ന ആളാണ് ശ്രീകുമാർ. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിലാണ് മുരാരി ബാബു പുറത്തിറങ്ങിയത്. ശ്രീകുമാറിനും ഈ ആനുകൂല്യം ലഭിക്കുമായിരുന്നു.
കേസന്വേഷണം നിർണായക ഘട്ടത്തിലായിരിക്കുമ്പോൾ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി തള്ളിക്കൊണ്ടാണ് ശ്രീകുമാറിന് ജാമ്യം കിട്ടിയത്. സ്വാഭാവിക ജാമ്യത്തിനായി കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ശ്രമം തുടങ്ങിയിട്ടുണ്ട്. നേരത്തെ ദ്വാരപാലക ശില്‍പ കേസില്‍ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കട്ടിളപ്പാളി കേസില്‍ 90 ദിവസം പൂര്‍ത്തിയാകാത്തതിനാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍ തുടരുകയാണ്.
















