
ഇസ്ലാമബാദ്: ഹമാസുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ കമാന്‍ഡര്‍. ലഷ്‌കറിന്റെ രാഷ്‌ട്രീയ മുന്നണിയായി കണക്കാക്കപ്പെടുന്ന പാകിസ്ഥാന്‍ മര്‍കസി മുസ്ലിം ലീഗിന്റെ (പിഎംഎംഎല്‍) കമാന്‍ഡറായ ഫൈസല്‍ നദീം ആണ് ഒരു വീഡിയോയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹമാസിന്റെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ടെന്നും നദീം പറഞ്ഞു. 2024ല്‍ ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നെതെന്നാണ് വീഡിയോയില്‍ വ്യക്തമാക്കുന്നത്. ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരനായ സൈഫുള്ള കസൂരി തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന് ഫൈസല്‍ നദീം വെളിപ്പെടുത്തി. മുതിര്‍ന്ന ഹമാസ് നേതാവ് ഖാലിദ് മഷാലിനെയാണ് ഇരുവരും ദോഹയിലെത്തി സന്ദര്‍ശിച്ചത്.
യുഎസ് ഭീകര സംഘടനയായി പ്രഖ്യാപിച്ച രണ്ടു സംഘടനകളുടെ സഹകരണവും ശാക്തീകരണവുമാണ് ഇത് സൂചിപ്പിക്കുന്നത്. യുദ്ധബാധിത മേഖലയില്‍ സമാധാനം സ്ഥിരപ്പെടുത്തുന്നതിനായി ഗാസയിലേക്ക് പാകിസ്ഥാന്‍ സൈന്യത്തെ അയയ്‌ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസിന്റെ പശ്ചാത്തലത്തിലുള്ള ഈ സംഭവവികാസം ഭാരത രഹസ്യാന്വേഷണ വിഭാഗം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഈ വെളിപ്പെടുത്തല്‍ വഴിയൊരുക്കുന്നത്.