തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ അയോഗ്യര്‍ പുറത്തായതോടെ ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഇത് അകറ്റാനായാണ് നേറ്റിവിറ്റി കാർഡ് കൊണ്ടുവരുന്നതെന്നുമാണ് ധന മന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രഖ്യാപനം. ഇതിനായി പുതിയ നിയമ നിർമ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു. മതസാമുദായിക സൗഹൃദം അടയാളപ്പെടുത്താൻ ബജറ്റിൽ 10 കോടി വിലയിരുത്തുന്നതായും മന്ത്രി അറിയിച്ചു.
ആധാര്‍ കാര്‍ഡടക്കം നിരവധി രേഖകള്‍ നിലവിലുള്ളപ്പോഴാണ് രാജ്യവിരുദ്ധ നടപടികൾക്ക് പിണറായി സർക്കാർ ശ്രമിക്കുന്നത്. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എല്ലാവര്‍ക്കും വേണ്ടി വരുന്ന ഒന്നല്ല. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പോലുള്ള ചില പ്രത്യേക ആവശ്യങ്ങള്‍ക്കേ വേണ്ടിവരൂ. എന്നിട്ടും എല്ലാവര്‍ക്കും നേറ്റിവിറ്റി കാര്‍ഡ് നല്കുന്നതിലാണ് ദുരൂഹത ഉയരുന്നത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ കൃത്യമായ രേഖകള്‍ ഇല്ലാത്തവരെ പുറത്താക്കിയിരുന്നു. അത്തരക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്കാനുള്ള നീക്കമാണ് ഇതിലൂടെ നടത്തുന്നത്.
ഇതര സംസ്ഥാനത്തുനിന്നുള്ള, ആറു മാസം സംസ്ഥാനത്ത് താമസിക്കുന്ന ഒരു കുടുംബത്തില്‍ ജനിക്കുന്ന കുഞ്ഞിന് കേരളത്തില്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ട്. ഫോട്ടോ പതിച്ച, കാര്‍ഡ് രൂപത്തിലുള്ള ഇതു ദുരുപയോഗം ചെയ്യുമെന്നുറപ്പാണ്. റോഹിഗ്യന്‍, ബംഗ്ലാദേശികളടക്കം നിരവധി പേരാണ് വ്യാജ ആധാര്‍ കാര്‍ഡുകളുമായി കേരളത്തില്‍ എത്തിയിട്ടുള്ളത്. നിരവധി പേര്‍ പിടിയിലായിട്ടുമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നേറ്റിവിറ്റി കാര്‍ഡ് നല്കുന്നതോടെ പൗരത്വ രേഖയായി ഇവര്‍ക്ക് ഉപയോഗിക്കാനാകും. മാത്രമല്ല പൗരത്വ രേഖ നല്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ്. അത് മറികടന്നാണ് സംസ്ഥാനം പൗരത്വരേഖയ്‌ക്ക് തുല്യമായി ഉപയോഗിച്ചേക്കാവുന്ന കാര്‍ഡ് നല്കാന്‍ ഒരുങ്ങുന്നത്.
















