പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്ക് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് 18 -ാം ദിവസം രാഹുലിന് ജാമ്യം അനുവദിച്ചത്. ബുധനാഴ്ച തന്നെ ജയിൽ മോചിതനായേക്കും. നിലവിൽ മാവേലിക്കര ജയിലിലാണ് രാഹുൽ.
നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് പത്തനംതിട്ട സെഷൻസ് കോടതിയെ സമീപിച്ചത്. രണ്ട് ദിവസത്തെ വിശദമായ വാദത്തിന് ശേഷമാണ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്.
രാഹുലിന്റെയും അതിജീവിതയുടെയും ശബ്ദ സന്ദേശങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കോടതി വിശദമായി പരിശോധിച്ചു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ചോദ്യം ചെയ്യലുമായി രാഹുൽ സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യത്തെ ശക്തമായി എതിർത്തിരുന്നു. ഒടുവിൽ ഇന്ന് കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുക.
മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് അതിജീവിത കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളിയാണെന്നും മുൻകൂർ ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും അതിജീവിത ആരോപിക്കുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം പത്തോളം പേരെ രാഹുൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന ആരോപണവും സത്യവാങ്മൂലത്തിലുണ്ട്.
















