ന്യൂദൽഹി: നടൻ വിജയ് നായകനായ തമിഴ് സിനിമ ജനനായകൻ സിനിമയുടെ റിലീസിന് അനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി. സിംഗിൾ ബഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് റദ്ദാക്കുകയായിരുന്നു. സെൻസർ ബോർഡിന്റെ അപ്പീലിലാണ് ഉത്തരവ്. കേസിൽ വിശദമായ വാദം കേൾക്കാൻ സിംഗിൾ ബഞ്ചിനോട് ഹൈക്കോടതി നിർദേശിച്ചു.
സെൻസർ ബോർഡിന് (CBFC) മറുപടി നൽകാൻ മതിയായ അവസരം നൽകിയശേഷം സിംഗിൾ ബെഞ്ച് പുതിയ തീരുമാനമെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറയുന്നു. ഹർജിയിൽ ഭേദഗതി വരുത്താൻ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസിനും കോടതി അനുമതി നൽകിയിട്ടുണ്ട്. സെൻസർ ബോർഡിന്റെ ഭാഗം കേൾക്കാതെ കേസിലെ വസ്തുതകളിലേക്ക് സിംഗിൾ ബെഞ്ച് കടക്കാൻ പാടില്ലായിരുന്നുവെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
സുപ്രീംകോടതി ആവശ്യപ്പെട്ടതു പ്രകാരമാണ്, മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് കേസില്‍ വീണ്ടും വിശദമായ വാദം കേട്ടത്. ജനുവരി 9ന് പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി സിനിമ റിലീസ് ചെയ്യാനായിരുന്നു നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നത്.
സിബിഎഫ്‌സി പറഞ്ഞ മാറ്റങ്ങള്‍ മുഴുവന്‍ വരുത്തിയിട്ടും അകാരണമായി സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെന്നാണ് സിനിമാ നിര്‍മ്മാതാക്കളായ കെ വി എന്‍ പ്രൊഡക്ഷന്‍സ് കോടതിയെ അറിയിച്ചത്. സിബിഎഫ്‌സി നിര്‍ദേശിച്ച ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടും സിനിമ വീണ്ടും റിവ്യൂ കമ്മിറ്റിക്ക് വിടുകയാണ് ചെയ്തത്. സിനിമ റിലീസ് വൈകുന്നതു മൂലം കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.
ടിവികെ അധ്യക്ഷന്‍ വിജയുടെ കരിയറിലെ അവസാന സിനിമ ആയേക്കും ജനനായകന്‍ എന്നാണ് പറയപ്പെടുന്നത്.
















