കണ്ണൂര്‍ : സിപിഎമ്മില്‍ നിന്ന് തന്നെ പുറത്താക്കിയത് അറിയിച്ച് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നടത്തിയ വാര്‍ത്തസമ്മേളനത്തിന് മറുപടിയുമായി കണ്ണൂര്‍ മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന്‍. കെ കെ രാഗേഷ് പുതിയതായി ഒന്നും ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞില്ല. താന്‍ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. രണ്ട് സഹകരണ ബാങ്കുകളില്‍ നിന്ന് പിരിച്ച പണം അക്കൗണ്ടിലില്ല.ഏതെങ്കിലും അജണ്ടയുടെ ഭാഗമായല്ല ചാനലിന് അഭിമുഖം നല്‍കിയത്.ചില കാര്യങ്ങള്‍ കേട്ടപ്പോള്‍ ചിരി വന്നെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
ആരോപണം ഉയരുമ്പോള്‍ പാര്‍ട്ടിയെ യോജിപ്പിച്ച് കൊണ്ടുപോകണമായിരുന്നു നേതൃത്വം എന്ന് കെ കെ രാഗേഷിന് കുഞ്ഞികൃഷ്ണന്‍ മറുപടി നല്‍കി.ഏരിയ കമ്മിറ്റിയിലെ 21 പേരില്‍ 17 പേരും തന്നെ മാറ്റരുതെന്നാണ് പറഞ്ഞത്. എം വി ജയരാജന്‍ ഉച്ചയ്‌ക്ക് വന്ന് ഇത് അര്‍ധരാത്രിയാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഫണ്ട് വിവാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. പലരും നല്‍കിയ തുക ഫണ്ടിന്റെ കണക്കില്‍ രേഖപ്പെടുത്തിയിട്ടില്ല. കെട്ടിട നിര്‍മാണ ഫണ്ടില്‍ നിന്നും ധനരാജ് ഫണ്ടില്‍ നിന്നും പാര്‍ട്ടിക്ക് 54 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും ഇദ്ദേഹം ശത്രുക്കളുടെ കൈയിലെ കോടാലിയായെന്നുമായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ ആരോപണം. തിരഞ്ഞെടുപ്പുകാലത്തെ ഈ അജണ്ട യാദൃശ്ചികമല്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തിയെന്നും രാഗേഷ് പറഞ്ഞു.
















