ന്യൂദൽഹി : ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തിൽ, ആശംസ അറിയിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് . ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് പോസിറ്റീവും സൗഹൃദപരവുമായ സന്ദേശമാണ് ചൈന പങ്ക് വച്ചിരിക്കുന്നത് . ഇന്ത്യയും ചൈനയും നല്ല അയൽക്കാർ മാത്രമല്ല, സുഹൃത്തുക്കളും പങ്കാളികളുമാണെന്ന് ഷി ജിൻപിംഗ് പറഞ്ഞു . ഏഷ്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള സമാധാനത്തിനും സമൃദ്ധിക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം അനിവാര്യമാണെന്നും ഷി പറഞ്ഞു.
ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയുടെ റിപ്പോർട്ട് പ്രകാരം, പ്രസിഡന്റ് ഷി ജിൻപിംഗ് പ്രസിഡന്റ് ദ്രൗപതി മുർമുവിന് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു . ഇന്ത്യയും ചൈനയും പോലുള്ള പ്രധാന രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ആഗോള സ്ഥിരത നിലനിർത്താൻ സഹായിക്കുകയും ലോകം മുന്നോട്ട് പോകാനുള്ള പാത ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയും നല്ല അയൽക്കാർ, സുഹൃത്തുക്കൾ, പങ്കാളികൾ എന്നീ നിലകളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത് ഇരു രാജ്യങ്ങൾക്കും ഗുണകരമാണെന്ന് ചൈന എപ്പോഴും വിശ്വസിച്ചിട്ടുണ്ട് . ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഒരു വ്യാളിയും ആനയും ഒരുമിച്ച് നൃത്തം ചെയ്യുന്നതുപോലെയായിരിക്കണമെന്നും അതായത് അവർ ഒരുമിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിൽ ഇരു രാജ്യങ്ങളും പരസ്പര സംഭാഷണം വർദ്ധിപ്പിക്കുമെന്നും, കൂടുതൽ അടുത്ത് ഇടപഴകുമെന്നും, ഒരുമിച്ച് പ്രവർത്തിക്കുമെന്നും ചൈനീസ് പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും പരസ്പരം ആശങ്കകൾ മനസ്സിലാക്കുകയും പരിഹരിക്കുകയും ചെയ്താൽ, ഇന്ത്യ-ചൈന ബന്ധം കൂടുതൽ ശക്തവും, കൂടുതൽ സന്തുലിതവും, കൂടുതൽ സ്ഥിരതയുള്ളതുമായി മാറാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള മഞ്ഞുരുകലിനെ ചങ്കിടിപ്പോടെയാണ് പാകിസ്ഥാൻ കാണുന്നത് .
















