ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദന് മരണാനന്തര ബഹുമതിയായി രാഷ്‌ട്രത്തിന്റ അംഗീകാരം പത്മവിഭൂഷണ്‍ സമര്‍പ്പിക്കുമ്പോള്‍ അംഗീകരിക്കപ്പെടുന്നത് കേരളീയ സമൂഹത്തിന്റെ നൈതിക ജാഗ്രത കൂടിയാണ്. സാമൂഹിക തിന്മകള്‍ക്കെതിരെ, പരിസ്ഥിതി ചൂഷണത്തിനെതിരെ, മതവര്‍ഗീയതയ്‌ക്കെതിരെ, മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ പുഴുക്കുത്തുകള്‍ക്കെതിരെ ജീവിതാവസനം വരെ പോരാടിയ പോരാളിയായിരുന്നു വിഎസ്. 1923 ഒക്ടോബര്‍ 20ന് വി.എസ്. അച്യുതാനന്ദന്‍ ജനിക്കുമ്പോള്‍ ബ്രീട്ടീഷ് അധിനിവേശത്തിനെതിരെ, ജാതി വിവേചനത്തിനും ജന്മിത്വത്തിനും എതിരെയുള്ള ശക്തമായ പോരാട്ട നാളുകളായിരുന്നു. ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെ ആശയങ്ങളും, പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ നവോത്ഥാനം പടര്‍ത്തുന്ന കാലയളവായിരുന്നു. വെന്തലത്തറ ശങ്കരന്‍ അച്യുതാനന്ദന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് വി.എസ്. അച്യുതാനന്ദന്‍.
വിഎസിന്റെ ജീവിതം പോരാട്ടങ്ങളുടേതാണ്. പാര്‍ട്ടിക്കുള്ളിലെ പോരാട്ടത്തില്‍ പല തവണ പരാജയത്തിന്റെ കയ്‌പുനീര്‍ കുടിച്ചിട്ടുണ്ട്. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് മുന്നേറാനും സാധിച്ചത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഡ്യം വ്യക്തമാക്കി. മദനിയുമായുള്ള അടവുനയത്തിനെതിരെ പരസ്യനിലപാട് സ്വീകരിക്കാനും മടികാണിച്ചില്ല. 1965ലാണ് കന്നിമത്സരം. പത്തു തവണ മത്സരിച്ചു. നിയസഭാ ചേരാതിരുന്നതുള്‍പ്പടെ മൂന്ന് തവണ തോല്‍വി. 1977, 1996 വര്‍ഷങ്ങളിലായിരുന്നു മറ്റു തോല്‍വികള്‍. മുഖ്യമന്ത്രിയാകുന്നത് 82-ാം വയസിലാണ്. ഈ പ്രായത്തില്‍ മുഖ്യമന്ത്രി കേരളത്തിലാദ്യമാണ്. 87-ാം വയസ് മുതല്‍ 92 വയസ് വരെ പ്രതിപക്ഷ നേതാവായിരുന്നു. ഇതും റിക്കാര്‍ഡാണ്.
പിന്നീടും എംഎല്‍എയും ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ആദ്യമായി പാര്‍ട്ടി നടപടി നേരിട്ടത് സ്വന്തം രാജ്യത്തിന് വേണ്ടി നിലപാട് സ്വീകരിച്ചതിനായിരുന്നു. ചൈന യുദ്ധകാലത്ത് ഭാരത സൈന്യത്തിന് രക്തദാനം ചെയ്യണമെന്ന് വിഎസ് നിലപാടെടുത്തു. മാത്രമല്ല, തങ്ങളുടെ ജയില്‍ സമ്പാദ്യം യുദ്ധഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നും ആവശ്യപ്പെട്ടു. ചൈനിസ് ഭക്തന്‍മാരായിരുന്ന നേതൃത്വം വിഎസിനെതിരെ സ്വഭാവികമായും നടപടിയെടുത്തു. സമ്പന്ന വര്‍ഗത്തിന്റെയും, രാജ്യവിരുദ്ധ മത ശക്തികളുടെയും കളിപ്പാവയാകാന്‍ തയാറാകാതിരുന്ന നേതാക്കളിലെ അവസാന കണ്ണികളിരൊളായിരുന്നു ഈ യഥാര്‍ത്ഥ പോരാളി.















