കായംകുളം: ദേശീയ പുരസ്‌ക്കാരങ്ങള്‍ ഇപ്പോള്‍ സാധാരണക്കാരിലേക്കും എത്തിപ്പെടുന്നുവെന്ന് ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. പരിസ്ഥിതി സംരക്ഷണത്തിന് രാജ്യം പത്മശ്രീ പുരസ്‌ക്കാരം നല്കിയ കണ്ടല്ലൂര്‍ പുതിയവിള കൊല്ലകയില്‍ വീട്ടില്‍ ദേവകി അമ്മയെ വീട്ടിലെത്തി ആദരിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍കാലങ്ങളില്‍ പ്രമുഖരായ വ്യക്തികളെ മാത്രം ആശ്രയിച്ചിരുന്ന പുരസ്‌ക്കാരങ്ങള്‍ മോദി സര്‍ക്കാര്‍ വന്നതിന് ശേഷം താഴെ തട്ടിലേക്കും അര്‍ഹതപ്പെട്ടവര്‍ക്കും ഗ്രാമങ്ങളിലേക്കും എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി, ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ രാംദാസ്, ബിജെപി സംസ്ഥാന സമിതി അംഗം പാലമുറ്റത്ത് വിജയകുമാര്‍, മണ്ഡലം പ്രസിഡന്റ് ആര്‍. വിനോദ് കുമാര്‍, കണ്ടല്ലൂര്‍ പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
















